Site iconSite icon Janayugom Online

കൂടൽ മാണിക്യം ക്ഷേത്രത്തിൽ ഈഴവ സമുദായത്തിൽ നിന്നുള്ള ജീവനക്കാരൻ; കെഎസ് അനുരാഗ് കഴകം ജോലിയിൽ പ്രവേശിച്ചു

ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കെഎസ് അനുരാഗ് ചരിത്ര പ്രസിദ്ധമായ തൃശ്ശൂർ കൂടൽ മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ചു. മുൻപ് ജാതിവിവേചനം നേരിട്ടതിനെത്തുടർന്ന് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് രാജി വച്ചിരുന്നു. 

ഈഴവ സമുദായത്തിൽ നിന്നുള്ള ബാലുവിനെ ദേവസ്വം ബോർഡ് കഴകം ജോലിയിൽ നിയമിച്ചതോടെയായിരുന്നു ജാതി വിവേചനങ്ങൾ ഉയർന്നു തുടങ്ങിയത്. ജാതിപരമായി അപമാനം നേരിട്ടതോടെ ബാലു രാജിവയ്ക്കുകയായിരുന്നു. തൽസ്ഥാനത്തേക്കാണ് എംഎ ബിരുധധാരിയായ ചേർത്തല സ്വദേശി അനുരാഗിനെ നിയമിച്ചത്. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെക്കേ വാര്യത്തെ ടിവി ഹരികൃഷ്ണൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ രണ്ട് ദിവസം മുൻപ് ഹൈക്കോടതി തീർപ്പ് കൽപ്പിക്കുകയായിരുന്നു. 

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അനുരാഗ് ക്ഷേത്ര ഓഫീസിലെത്തി ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ പൂർണ പിന്തുണയും പരിരക്ഷയും ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് ഉറപ്പ് നൽകിയിട്ടുണ്ട്.

Exit mobile version