Site iconSite icon Janayugom Online

എഐടിയുസി മേഖലാ ജാഥകള്‍ക്ക് ആവേശകരമായ തുടക്കം

തൊഴിലാളികൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ഉയർത്തി തൊഴിൽ സുരക്ഷിതത്വത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി എഐടിയുസി നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥമുള്ള മേഖലാ ജാഥകള്‍ക്ക് ആവേശകരമായ തുടക്കം. വടക്കൻമേഖല ജാഥ കാസർകോട് ചന്ദ്രഗിരി ജങ്ഷനിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം പി സന്തോഷ് കുമാർ എംപി ജാഥാ ലീഡർ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വി രാജൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ, ജില്ലാ സെക്രട്ടറി സി പി ബാബു, കെ എസ് കുര്യാക്കോസ്, ടി കൃഷ്ണൻ എന്നിവർ സംസാരിച്ചു. ബിജു ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിമാരായ കെ കെ അഷറഫ് വൈസ് ക്യാപ്റ്റനും കെ ജി ശിവാനന്ദൻ ഡയറക്ടറുമായ ജാഥയിൽ ആർ പ്രസാദ്, പി സുബ്രഹ്മണ്യൻ, വിജയൻ കുനിശേരി, കെ വി കൃഷ്ണൻ, സി കെ ശശിധരൻ, ചെങ്ങറ സുരേന്ദ്രൻ, താവം ബാലകൃഷ്ണൻ, പി കെ മൂർത്തി, കെ സി ജയപാലൻ, കെ മല്ലിക, എലിസബത്ത് അസീസി, പി കെ നാസർ എന്നിവർ അംഗങ്ങളാണ്. ഇന്ന് കാസർകോട് ജില്ലയിലെ പര്യടനത്തിന് ശേഷം കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. 17ന് തൃശൂരിലാണ് സമാപനം. 

തെക്കൻ മേഖലാ ജാഥ എറണാകുളത്ത് എഐടിയുസി വർക്കിങ് പ്രസിഡന്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം ജാഥാ ലീഡര്‍ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ എൻ ഗോപി അധ്യക്ഷനായി. വൈസ് ക്യാപ്റ്റൻ സി പി മുരളി, ഡയറക്ടർ അഡ്വ. ആർ സജിലാൽ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദൻ, ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, ടി സി സൻജിത്ത്, പി എ ജിറാർ എന്നിവർ പ്രസംഗിച്ചു. വാഴൂർ സോമൻ എംഎൽഎ, പി രാജു, വി ബി ബിനു, പി വി സത്യനേശൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജി ലാലു, എ ശോഭ എന്നിവര്‍ ജാഥ അംഗങ്ങളാണ്. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ജാഥ ഇന്ന് ഇടുക്കി ജില്ലയിലേക്ക് പ്രവേശിക്കും.

Exit mobile version