Site iconSite icon Janayugom Online

ആനക്കാംപൊയിൽ‑കള്ളാടി-മേപ്പാടി തുരങ്കപാത ആദ്യ ബ്ലാസ്റ്റ് ഇന്ന്

മലയാളികളുടെ പുതിയ സ്വപ്നങ്ങളിലേക്കുള്ള ആദ്യ ബ്ലാസ്റ്റിങ് ഇന്ന്. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ആനക്കാംപൊയിൽ‑കള്ളാടി-മേപ്പാടി തുരങ്കപാത നിർമ്മാണത്തിലെ പ്രധാന ചുവടുവയ്പായ പാറ തുരയ്ക്കലാണ് ഇന്ന് തുടങ്ങുന്നത്. ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓൺ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 11ന് മറിപ്പുഴ പദ്ധതി പ്രദേശത്താണ് ചടങ്ങ്. ആദ്യം മറിപ്പുഴ സ്വർഗം കുന്ന് ഭാഗത്താണ് തുരക്കുന്നത്. വയനാട് കള്ളാടി ഭാഗത്ത് കൂടുതൽ മണ്ണ് നീക്കാനുള്ളതിനാൽ ഇവിടെയുള്ള പ്രവൃത്തി പിന്നീട് നടക്കും. ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയിൽ കട്ട് ആന്റ് കവർ രീതിയിലാണ് പാറ തുരയ്ക്കുക. കൃത്യമായ ആളവിലും ആഴത്തിലും റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാണ് പ്രവൃത്തികൾ നടത്തുക. ഇതിനായുള്ള റോക്ക് ഡ്രിൽ ബൂമർ അടക്കമുള്ള യന്ത്രങ്ങൾ നേരത്തെ മറിപ്പുഴയിൽ എത്തിച്ചിട്ടുണ്ട്. ബ്ലാസ്റ്റിനോടുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളെല്ലാം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. അടുത്തിടെയാണ് തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് കൂടി ലഭിച്ചത്. 

2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളായ താല്‍ക്കാലിക പാലം, ക്രഷർ യൂണിറ്റ്, ഫ്യൂവൽ ടാങ്ക്, തൊഴിലാളികൾക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂർത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് ആരംഭിക്കുന്നത്. വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റർ തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നാണ്. 2134.5 കോടി രൂപയാണ് പദ്ധതി ചെലവ്. പദ്ധതി യാഥാർത്ഥ്യമാകുന്നത്തോടെ ആനക്കാംപൊയിലിൽ നിന്നും കേവലം 22 കിലോമീറ്റർകൊണ്ട് മേപ്പാടിയിലെത്താനാകും. വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല റോഡുമായാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മറിപ്പുഴ‑മുത്തപ്പൻപുഴ‑ആനക്കാംപൊയിൽ റോഡുമായാണ് കോഴിക്കോട് ജില്ലയിൽ ബന്ധിപ്പിക്കുന്നത്. നാല് വർഷം കൊണ്ടാണ് പദ്ധതി പൂർത്തിയാവുക. താമരശേരി ചുരത്തിന് ബദലായി പണിയുന്ന തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ വയനാടിന്റെ യാത്രാ ദുരിതം തന്നെയാണ് പരിഹരിക്കപ്പെടുക. ചുരത്തിലുണ്ടാവുന്ന വലിയ ഗതാഗത പ്രശ്നത്തിന് പശ്ചിമഘട്ടത്തിലെ മലമ്പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പാത ആശ്വാസമാകും. 

Exit mobile version