Site iconSite icon Janayugom Online

കായിക പൂരത്തിന് കൊടിയേറി; കണ്ണും കാതും തുറന്ന് അനന്തപുരി

ട്രാക്കും ഫീൽഡും ഉണർന്നതോടെ കണ്ണും കാതും തുറന്ന് അനന്തപുരി. ഒളിമ്പിക്സ് മാതൃകയിലുള്ള കായിക പൂരത്തിനാണ് ഇനി തലസ്ഥാനം സാക്ഷിയാവുക. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് തുടക്കമായത്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഔദ്യോ​ഗിക ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഫുട്ബോള്‍ മുന്‍ ക്യാപ്റ്റന്‍ ഐ എം വിജയനും മന്ത്രി വി ശിവൻകുട്ടിയും ദീപശിഖ കൊളുത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ എസ് കെ ഉമേഷ്, പതിനാല് ജില്ലകളിലെ ഡിഡിമാർ, ഗർഫ് പ്രതിനിധികൾ എന്നിവർ പതാക ഉയർത്തി. 

സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസിഡറായ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ, ഗുഡ്‍വിൽ അംബാസിഡർ കീർത്തി സുരേഷ്‌ എന്നിവർ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു. 21 മുതല്‍ 28 വരെയാണ് കായികമേള. 12 വേദികളിലായി കായിക മത്സരങ്ങള്‍ നടക്കും. മേളയില്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന്റെ ഭാഗമായി 1944 കായിക താരങ്ങള്‍ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങള്‍ പങ്കെടുക്കുന്നു. ഗള്‍ഫ് മേഖലയില്‍ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്കൂളുകളില്‍ നിന്നും 35 കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ബുധനാഴ്‌ച മുതലാണ് മത്സരങ്ങൾ. 

യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയം, പിരപ്പന്‍കോട് ഡോ. ബി ആര്‍ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അക്വാറ്റിക് കോംപ്ലസ്‌, സെന്‍ട്രല്‍ സ്റ്റേഡിയം, മെഡിക്കല്‍ കോളജ് സ്റ്റേഡിയം, വെള്ളായണി കാര്‍ഷിക കോളജ് ഗ്രൗണ്ട്, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ജി വി രാജ സ്പോര്‍ട്സ് സ്കൂള്‍ ഗ്രൗണ്ട്, കാലടി ഗവ. എച്ച്എസ്എസ് ഗ്രൗണ്ട്, സെന്റ് സേവിയേഴ്സ് കോളജ് സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റെയ്ഞ്ച്, ടെന്നീസ് ക്ലബ് എന്നി 12 വേദികളിലാണ് മത്സരം. സംസ്ഥാന സ്കൂൾ കായിക മേളയുടെ സമ​ഗ്ര വിവരങ്ങൾ കൈറ്റ് പോർട്ടൽ വഴി അറിയാം. sports.kite.kerala.gov.in എന്ന പോർട്ടൽ വഴി 12 വേദികളിലായി നടക്കുന്ന കായികോത്സവത്തിന്റെ എല്ലാ വേദികളിലേയും തത്മസമയ ഫലങ്ങളും മത്സര പുരോ​ഗതിയും മീറ്റ് റെക്കോ‍ഡുകളും സർട്ടിഫിക്കറ്റുകളും എല്ലാം ലഭിക്കും.

Exit mobile version