Site iconSite icon Janayugom Online

അനില്‍ അക്കരയുടെ ആരോപണം പ്രതിപക്ഷ ‘ലൈഫ്’ തകര്‍ക്കുന്നത്

സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ‘രേഖകള്‍’ ഉയര്‍ത്തിക്കാട്ടി വാര്‍ത്താസമ്മേളനം വിളിച്ച മുന്‍ എംഎല്‍എ അനില്‍ അക്കര ‘ലൈഫ്’ തകര്‍ത്തത് പ്രതിപക്ഷത്തിന്റെ. അനില്‍ പറയുന്ന കത്ത് ഇടതു സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായ വ്യവസ്ഥകളുടെ തെളിവുകളാണ്. അതോടൊപ്പം പ്രതിപക്ഷ ആരോപണങ്ങളെ നിരാകരിക്കുന്നതുമാണ്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് സാധൂകരിക്കുന്ന കത്ത് ഉയര്‍ത്തിക്കാട്ടി അപവാദം പ്രചരിപ്പിച്ച പ്രതിപക്ഷം മാപ്പ് പറയണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ആവശ്യപ്പെട്ടു.

ലൈഫ് ഭവനപദ്ധതിയില്‍ പുതിയ കണ്ടെത്തല്‍ എന്ന നിലയിലാണ് കത്ത് ഉയര്‍ത്തി മുന്‍ എംഎല്‍എ അനില്‍ അക്കരയുടെ ആരോപണം. പക്ഷേ, കത്തിലെ വിവരങ്ങള്‍ പ്രതിപക്ഷത്തിന് തന്നെ തിരിച്ചടിയാണെന്ന് മന്ത്രി വിശദമാക്കി. വിദേശസംഭാവന സ്വീകരിക്കല്‍ നിയമപ്രകാരം അതിന്റെ ലംഘനം നടക്കണമെങ്കില്‍ ആരോപണ വിധേയനായിട്ടുള്ള ആളോ സംഘടനയോ വിദേശ സംഭാവന സ്വീകരിക്കണം. ലൈഫ് മിഷന്‍ വിദേശ സംഭാവന ഒന്നും സ്വീകരിച്ചിട്ടില്ല. വസ്തുത ഇതാണെന്നിരിക്കെയാണ് അനില്‍ അക്കരയുടെ അടിസ്ഥാനരഹിതമായ ആരോപണം. സ്പോണ്‍സര്‍ഷിപ്പിലൂടെ വീട് വച്ചുകൊടുക്കുക എന്നത് സര്‍ക്കാര്‍ നയമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിദേശസംഭാവനാ നിയന്ത്രണ നിയമം (എഫ്സിആര്‍എ) ലംഘിക്കുന്ന തീരുമാനം എടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലെന്നായിരുന്നു അനിലിന്റെ ആരോപണം. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം യൂണിടാക്കിനെ ഏൽപിക്കാനുള്ള തീരുമാനമെടുത്ത യോഗം നടത്തിയത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ക്ലിഫ് ഹൗസിലാണെന്നാണ് അനില്‍ അക്കരയുടെ ആരോപണം. ക്ലിഫ് ഹൗസില്‍ യോഗംചേര്‍ന്നതിന്റെ രേഖകള്‍ അനില്‍ അക്കര പുറത്തുവിട്ടു. ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് തദ്ദേശ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നല്‍കിയ കത്താണ് അദ്ദേഹം പുറത്തുവിട്ടത്.

സര്‍ക്കാരില്‍ നിന്ന് എംഎല്‍എ എന്ന നിലയില്‍ അന്ന് ലഭിച്ച രേഖയാണ് പുറത്തുവിടുന്നതെന്ന് അനില്‍ അക്കരെ പറഞ്ഞു. സൂത്രധാരന്‍ മുഖ്യമന്ത്രിയാണ്. ഏതൊക്കെ നുണകള്‍ പറയുന്നോ, അതൊക്കെ പൊളിക്കാന്‍ കഴിയുന്ന തെളിവുകള്‍ കൈയ്യിലുണ്ട്. അന്വേഷണ ഏജന്‍സിക്ക് ഇനി ഈ രേഖകള്‍ കൈമാറാന്‍ ഉദ്ദേശിക്കുന്നില്ല, സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ ഹാജരാക്കും. ഇത്രനാളായിട്ടും കേന്ദ്ര ഏജന്‍സികള്‍ക്ക് ഈ രേഖകള്‍ കിട്ടാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ഈ ഏജന്‍സികളില്‍ പൂര്‍ണവിശ്വാമുള്ള ഒരാളല്ല താന്‍. വിജിലന്‍സ് അന്വേഷിക്കുന്ന കേസില്‍ കക്ഷിചേരും. ആ കോടതിയില്‍ രേഖകള്‍ ഹാജരാക്കുമെന്നുമാണ് അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

 

Eng­lish Sam­mury: ex mla anil akkara’s Anti-life pro­gram stance, Con­trary to the oppo­si­tion stand

 

 

Exit mobile version