തലസ്ഥാനത്ത് വഴുതയ്ക്കാട് ഉദാരശിരോമണി റോഡിലെ അഞ്ജനം എന്ന വീട്ടില്‍ നിന്ന് കഴിഞ്ഞ കുറേക്കാലമായി ഒരു ഗാനം ഉയര്‍ന്നുവരാറുണ്ടായിരുന്നു. അടച്ചിട്ട മുറിയില്‍ നിന്നും ഒരു ഏകാന്തഗായകന്റെ പാട്ട്. പാട്ടിന് നെടുവീര്‍പ്പുകളുടെ അകമ്പടി; ‘താമരക്കുമ്പിളല്ലോ മമഹൃദയം’. തേങ്ങലുകള്‍ക്കുശേഷം പിന്നെയും പാട്ട്. ‘താതാ നിന്‍ കല്പനയാല്‍ പൂവനം തന്നിലൊരു പാതിരാമലരായി വിടര്‍ന്നു ഞാന്‍.’ ഇതെല്ലാം കേട്ട് പയ്യന്റെ പിതാശ്രീ ആന്റണി മാതാശ്രീ ഏലിക്കുട്ടിയോട് പറഞ്ഞു; എന്റെ എലിസബത്തേ കന്നിക്കുരുന്നായ ഈ അനില്‍ മോനില്‍ നമുക്കെന്തെല്ലാം പ്രതീക്ഷകളായിരുന്നു. അകമ്പടിയായി ആന്റണിക്കും ഏലിക്കുട്ടിക്കും ഗദ്ഗദം. തന്തപ്പടി ചില്ലറക്കാരനായിരുന്നില്ല. മുഖ്യമന്ത്രിയായിരിക്കേ വെെകിയാണെങ്കിലും എ കെ ആന്റണി ബാങ്ക് ഉദ്യോഗസ്ഥയായ എലിസബത്തിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തിയപ്പോള്‍ അന്ന് ഒരു പത്രത്തിലെ വങ്കാളന്‍ തലക്കെട്ട് ഇപ്രകാരമായിരുന്നു; ‘ആന്റണിയുടെ വാഴ്വില്‍ വെെകിവന്ന വസന്തം.’ പിന്നീട് ഏലിക്കുട്ടി പെറ്റു. എങ്കിലും ആന്റണിയും ഏലിക്കുട്ടിയും സ്വപ്നങ്ങള്‍പോലെ അവനെ താലോലിച്ചു. അവന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും ഇന്ത്യന്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമൊക്കെയാവുമെന്ന് അവര്‍ കിനാവുകള്‍ നെയ്തു. കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞാണല്ലോ.
ചെക്കനങ്ങുവളര്‍ന്നു ഒരു മൂന്നാംകിട എന്‍ജിനീയറിങ് കോളജില്‍ നിന്ന് കഷ്ടിച്ച് ഡിഗ്രിക്ക് കടന്നുകൂടി. പിന്നീട് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഡിടിപി ഓപ്പറേറ്ററുടെ ജോലി. ആന്റണിയുടെ മകനല്ലേ. അതുകൊണ്ട് ഡിടിപി ഓപ്പറേറ്റര്‍ തസ്തികയുടെ പേരുമങ്ങ് പരിഷ്കരിച്ചു, കോണ്‍ഗ്രസ് ഐടി സെല്‍ മേധാവിയെന്ന്. ഇതിനിടെ ശശിതരൂര്‍ അനില്‍ ആന്റണിയെ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ പ്രമുഖനാക്കി. ആന്റണിയെ ഒന്നു സുഖിപ്പിക്കാന്‍. അങ്ങനെയങ്ങ് വിട്ടുകൊടുത്തുകൂടല്ലോ എന്ന് അന്നത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അനില്‍ ആന്റണിയെ ഓട് പൊളിച്ചിറക്കി കെപിസിസി ഭാരവാഹിയാക്കി ആന്റണിയെ സുഖിപ്പിക്കാന്‍ മറ്റൊരു ശ്രമം. ആന്റണി തലയില്‍ കെെവച്ചു മുല്ലപ്പള്ളിയോട് പറഞ്ഞു. മണ്ടന്‍ ലണ്ടനില്‍ പോയാല്‍ പണ്ഡിതനാവുമോ. എന്റെ മോനെക്കുറിച്ച് എനിക്കല്ലേ അറിയൂ. അവനെപ്പിടിച്ച് പേഷ്കാരാക്കി ഏനക്കേടൊന്നും വലിച്ചുവയ്ക്കല്ലേ! അന്ന് തുടങ്ങിയതാണത്രേ പിതാവിനോട് പുത്രനുള്ള ഈ കലിപ്പ്. താതാ നിന്‍ കല്പനയാല്‍ തന്റെ വഴികളെല്ലാം അടഞ്ഞു. ഒരു ദിവസം മറ്റൊരു പാട്ടും പാടി മുറിക്കു പുറത്തിറങ്ങി ചെക്കന്‍ ബിജെപി എന്ന ബ്രഹ്മപുരം മാലിന്യക്കൂമ്പാരത്തിലേക്ക് ഒരൊറ്റ ചാട്ടം, ‘പൂമണമില്ലല്ലോ, പൂന്തേനുമില്ലല്ലോ പൂജയ്ക്കു നീയെന്നെ കെെക്കൊള്ളുമോ’ എന്ന് മോഡിയോടും അമിത്ഷായോടും ഒരു പ്രാര്‍ത്ഥനയോടെ. മന്ദബുദ്ധീപുഷ്പത്തെ ഇരുവരും ചേര്‍ന്നുവാസനിക്കുന്നു. പൂജാപുഷ്പങ്ങളാക്കും. ആര്‍ക്കും വേണ്ടാത്ത ശവംനാറിപ്പൂവും ബിജെപിക്ക് ദിവ്യപുഷ്പം! അടുത്തത് വയനാട് ഉപതെരഞ്ഞെടുപ്പിലെ ചന്തയില്‍ ഈ നാറ്റപ്പൂ വില്ക്കാനാവും ബിജെപിയുടെ യജ്ഞം. കെട്ടിവച്ച കാശുപോലും കിട്ടാതെ തോറ്റമ്പുന്നതോടെ അനില്‍ ആന്റണി എന്ന മഹാശയന്റെ രാഷ്ട്രീയജീവിതത്തിന് ജനം ആദരാഞ്ജലി അര്‍പ്പിക്കും.
ഇതുകൂടി വായിക്കൂ: ചെലോല്ടെ റെഡിയാകും ചെലോല്ടെ റെഡിയാവൂല്ല
അമ്പു കുമ്പളത്തും വില്ലു വീയപുരത്തും എന്നൊരു ചൊല്ലുണ്ട്. ഒരിക്കലും അമ്പുംവില്ലും തമ്മില്‍ അടുക്കില്ല. അതുപോലെയാണ് ക്രിസ്ത്യാനിയും ബിജെപിയും തമ്മിലുള്ള ബന്ധം. മതപരിവര്‍ത്തനം ആരോപിച്ച് വെെദികരും കന്യാസ്ത്രീകളുമടക്കം ആയിരത്തിലധികം ക്രെെസ്തവരെയാണ് വിവിധ ബിജെപി സംസ്ഥാന ഭരണകൂടങ്ങള്‍ ജയിലിലടച്ച് കൊല്ലാക്കൊല ചെയ്യുന്നത്. മുമ്പ് ഇതേ കുറ്റം ആരോപിച്ച് വിദേശ വെെദികനായ ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ട് മക്കളെയും സംഘ്പരിവാറുകാര്‍ ഒഡിഷയില്‍ ചുട്ടുകൊന്നു. സ്റ്റാന്‍ സ്വാമി എന്ന ജീവകാരുണ്യ പ്രവര്‍ത്തകനെ മാവോയിസ്റ്റ് ചാപ്പകുത്തി ജയിലിലടച്ചു പീഡിപ്പിച്ചുകൊന്നു. ഇതൊക്കെയായിട്ടും സീറോ മലബാര്‍ സഭാ മേധാവി കര്‍ദിനാള്‍ മാര്‍ ജോസഫ് ആലഞ്ചേരി ഇന്നലെ പറഞ്ഞത് മോഡി ഭരണത്തില്‍ ഇന്ത്യന്‍ ക്രെെസ്തവര്‍ സുരക്ഷിതരാണെന്നാണ്. മോഡിയാകട്ടെ ദുനിയാവ് ദര്‍ശിച്ച ഏറ്റവും മികച്ച ഭരണാധികാരിയെന്നും. തിരുമേനി ‘എന്തതിശയമേ മോഡിതന്‍ സ്നേഹം എത്ര മനോഹരമേ’ എന്ന് പറയുന്നത് ആത്മാര്‍ത്ഥമായല്ലെന്ന് കര്‍ദിനാളിന് പോലുമറിയാം. ഭൂമി കച്ചവടം കുംഭകോണത്തില്‍ നിന്നും തടിയൂരണം. ഇഡിയും സിബിഐയും തന്നെ അകത്താക്കരുത്. അതിന് ഈസ്റ്റര്‍ ദിനത്തിലും കര്‍ത്താവിനെ ഒറ്റുകൊടുത്തല്ലേ പറ്റു.
ഇതുകൂടി വായിക്കൂ: മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ജലരാജന്‍
തിരുമേനിക്കൊപ്പം നാടകം കളിക്കാന്‍ കുറേ ബിജെപിക്കാരും ഗോദയിലിറങ്ങിക്കഴിഞ്ഞു. ഇന്നലെ ഈസ്റ്റര്‍ ദിനത്തില്‍ സംഘ്പരിവാര്‍ മക്കള്‍ ക്രെെസ്തവ ഭവനങ്ങളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. പക്ഷെ അത്യപൂര്‍വം ക്രിസംഘി ഭവനങ്ങളിലൊഴിച്ച് മറ്റെല്ലാ വീടുകളില്‍ നിന്നും തല്ലുകൊള്ളാതെ തിരിച്ചോടേണ്ടിവന്നു. ഭീരുക്കളുടെ രക്ഷപ്പെടാനുള്ള തത്രപ്പാടും പീഡാനുഭവമല്ലേ. ഒരു അപമാന പീഡാനുഭവത്തിന് പിന്നാലെ മറ്റൊന്ന്. അത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് കെട്ടിവച്ച കാശുപോയ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ വക മറ്റൊരു നാടകം. ദുഃഖവെള്ളി നാളില്‍ മലയാറ്റൂര്‍ കുരിശുമല കയറിയാല്‍ ക്രിസ്ത്യാനികളാകെ ബിജെപിയിലേക്ക് ഒഴുകുമെന്ന് രാധാകൃഷ്ണന്‍ജിക്ക് ഒരു പൂതി. നാടാകെ മലകയറാന്‍ പോകുന്നുവെന്ന് ഫ്ലക്സ് ബോര്‍ഡുകള്‍. തോളില്‍ വന്‍ മരക്കുരിശുമായി മലമുകളില്‍ നിന്ന് കുരിശ് വരയ്ക്കുന്ന രാധാകൃഷ്ണന്റെ കൂറ്റന്‍ ചിത്രങ്ങളാല്‍ സമൂഹമാധ്യമങ്ങള്‍ക്ക് ശ്വാസംമുട്ടി. ദുഃഖവെള്ളിയാഴ്ച നാളില്‍ രാധാകൃഷ്ണനോടൊപ്പം മലയാറ്റൂര്‍ ഗിരിമുടി കയറാന്‍ ആയിരങ്ങളെത്തിയില്ല. പകരം ഏഴ് പേര്‍. മലമുകളിലേക്ക് യാത്രയാരംഭിച്ചു. മുന്നൂറടി പിന്നിട്ടപ്പോള്‍ രാധാകൃഷ്ണന്‍ സാറിന് തളര്‍ച്ച, പിന്നിടാനുള്ള വഴി നോക്കി. അങ്ങകലെ മാനംമുട്ടെ നില്ക്കുന്ന മലയാറ്റൂര്‍ കുരിശു മുത്തപ്പന്‍ മല കണ്ടപ്പോള്‍ തളര്‍ച്ച ഭയമായി. കണ്ണില്‍ കണ്ട ഒരു പാറപ്പുറത്തിരുന്ന് നേതാവ് പറഞ്ഞു; ഈ മലകയറ്റം കഠിനമെന്റയ്യപ്പാ! പിന്നെ തിരികെ യാത്ര. ഈ യാത്രയ്ക്ക് ഒരു സ്മാരകവുമായി. നേതാവ് വിശ്രമിച്ച പാറ ഇനി രാധാകൃഷ്ണന്‍ പാറ എന്നാണറിയപ്പെടുക. സ്വാമി വിവേകാനന്ദന്‍ വിശ്രമിച്ച കന്യാകുമാരി കടലിലെ വിവേകാനന്ദപ്പാറപോലെ ചരിത്രത്തില്‍ ഇനിയൊരു രാധാകൃഷ്ണന്‍ പാറയും. കലികാലത്തില്‍ ഇനിയുമെത്ര നാടകങ്ങള്‍.
ഇതുകൂടി വായിക്കൂ: രോഗവ്യാപനം തടയാന്‍ കൊറോണ ദേവിക്ക് പൂജ
നൂറ്റിയഞ്ച് കല്യാണങ്ങള്‍ കഴിച്ച് ഒടുവില്‍ ജയിലില്‍ വച്ച് മരിച്ച പ്രിയോവനി പിഗ്ലിയോട്ട ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച വിരുതനാണ്. അയാളും മോഡിയും തമ്മില്‍ എന്തൊരു സാമ്യം. പ്രിയോവനി താന്‍ ഭാര്യമാരില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണവും ഗൃഹോപകരണങ്ങളുമെല്ലാം കടകളില്‍ വിറ്റു. മോഡി രാജ്യത്തിന്റെ സമ്പത്ത് തട്ടിയെടുത്ത് കോര്‍പറേറ്റുകള്‍ക്ക് വിറ്റു. അവസാന ഭാര്യ ഷാരോണ്‍ ക്ലാര്‍ക്കാണ് ഈ തട്ടിപ്പുകാരനെ പൂട്ടിയത്. 34 വര്‍ഷത്തെ തടവിനും 36 ലക്ഷം പിഴയുമാണ് പ്രിയോവനിക്ക് കോടതി വിധിച്ചത്. ഒരു വര്‍ഷം കഴിയുമ്പോള്‍ ജനം എന്ന ഷാരോണ്‍ ക്ലാര്‍ക്കും മോഡിയെ വിലങ്ങണിയിക്കുമായിരിക്കും!