Site iconSite icon Janayugom Online

5409 ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ പ്രഖ്യാപനം ഇന്ന്

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 11 ന് തിരുവനന്തപുരം പിരപ്പൻകോട് ജനകീയ ആരോഗ്യകേന്ദ്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി ആർ അനിൽ, എം ബി രാജേഷ്, വി ശിവൻകുട്ടി, ആന്റണി രാജു എന്നിവർ മുഖ്യാതിഥികളാകും.

ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി താഴെത്തട്ടിൽ എത്തിക്കും. ആർദ്രം മിഷൻ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായ വാർഷിക ആരോഗ്യ പരിശോധന, അർബുദ നിയന്ത്രണ പദ്ധതി, ഹെൽത്തി ലൈഫ് ക്യാമ്പയിൻ, വയോജന‑സാന്ത്വന പരിചരണ പരിപാടി, രോഗ നിർമ്മാർജന പ്രവർത്തനങ്ങൾ, ഏകാരോഗ്യം എന്നീ പദ്ധതികളുടെ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി നടപ്പിലാക്കും. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളുടെ ശാക്തീകരണത്തിനായി വെൽഫയർ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലെ ക്ലിനിക്കുകൾ വഴി സാധാരണ ജനങ്ങളുടെ അരികിലേക്ക് പ്രാഥമികാരോഗ്യ സേവനങ്ങൾ എത്തിക്കും. 

എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും കമ്പ്യൂട്ടർ, പ്രിന്റർ, ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കി സ്മാർട്ടാക്കും. ഇതുവഴി ടെലിമെഡിസിൻ പോലുള്ള ഓൺലൈൻ സേവനങ്ങളും നൽകാൻ സാധിക്കും. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഒമ്പത് ലാബ് പരിശോധനകൾ, 36 മരുന്നുകൾ അടക്കമുള്ള സേവനങ്ങളും നൽകുന്നുണ്ട്. ജനകീയ ആരോഗ്യ കേന്ദ്ര പരിധിയിലുള്ള സ്‌കൂളുകളുമായി ബന്ധപ്പെട്ട് ആരോഗ്യ ക്ലബ്ബുകൾ രൂപീകരിക്കും. ഗർഭിണികൾ, കിടപ്പ് രോഗികൾ, സാന്ത്വനപരിചരണം ആവശ്യമായവർ എന്നിവർക്ക് പ്രത്യേക കരുതലൊരുക്കാനും ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സഹായിക്കും.

Eng­lish Sum­ma­ry: Announce­ment of 5409 Pub­lic Health Cen­ters today

You may also like this video

Exit mobile version