തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ തിരുവണ്ണാമലൈയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇന്ന് ഉച്ചയോടെയാണ് രണ്ടാമതും മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്.
ഇന്നലെ ഒരു പാറക്കല്ല് കെട്ടിടത്തിലേക്ക് വീണതിനെത്തുടര്‍ന്ന് 7 ആളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.
തമിഴ്നാട്ടില്‍ കരതൊട്ട ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ ഇന്നലെ ഉച്ചയ്ക്ക് പ്രശസ്തമായ അണ്ണാമലൈ കുന്നുകളുടെ താഴത്തെ ചരിവില്‍ ഉരുള്‍പൊട്ടിയിരുന്നു. അതുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.ആദ്യ ഉരുള്‍പൊട്ടലില്‍ കാണാതായ 7 പേരുടെ മൃതദേഹവും കണ്ടെത്തി. 7ല്‍ 5 പേര്‍ കുട്ടികളാണ്. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് അതിശക്തമായ മഴയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ഉണ്ടാകുന്നത്. ഇന്നും മഴ തുടരുകയാണ്. വടക്കന്‍ തമിഴ്നാട്ടിലെ വില്ലുപുരം ജില്ല ശക്തമായ വെള്ളപ്പൊക്കെ മൂലം ദുരിതക്കെടുതിയിലാണ്. പാലങ്ങള്‍ ഒലിച്ചുപോകുകയും ഗ്രാമങ്ങളിലേക്കും റസിഡന്‍ഷ്യന്‍ കോളനികളിലേക്കുമുള്ള പ്രവേശനങ്ങള്‍ തടസ്സപ്പെടുകയും ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ നശിക്കുകയും റയില്‍ ഗതാഗതം താറുമാറാകുകയും ചെയ്തു.
പടിഞ്ഞാറന്‍ തമിഴ്നാട്ടില്‍ കൃഷ്ണഗിരി,ധര്‍മപുരി ജില്ലകളിലും റെക്കോഡ് വെള്ളപ്പൊക്കമാണ് ഉണ്ടായത്.