Site iconSite icon Janayugom Online

പൊലീസ് സേനയില്‍ മുസ്ലിം വിരുദ്ധത കൂടി

രാജ്യത്തെ പൊലീസ് സേനയില്‍ മുസ്ലിം വിരുദ്ധ മനോഭാവം വര്‍ധിക്കുന്നതായി പഠനം. ബിജെപി ഭരണത്തിലുള്ള രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇതിന്റെ തീവ്രത രൂക്ഷമായിരിക്കുന്നതെന്നും ദി സ്റ്റാറ്റസ് ഓഫ് പൊലീസിങ് ഇന്‍ ഇന്ത്യ എന്ന പഠനം ചൂണ്ടിക്കാട്ടുന്നു. കോമണ്‍കോസ്, ലോക്‌നീതി, സിഎസ്ഡിഎസ്, ലാല്‍ ഫാമിലി ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായാണ് പഠനം നടത്തിയത്.

രാജ്യത്തെ ക്രിസ്ത്യന്‍ വിഭാഗത്തെയും പൊലീസ് ഉദ്യോഗസ്ഥര്‍ സമാന രീതിയിലാണ് വീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലിങ്ങളെ അപേക്ഷിച്ച് ക്രിസ്ത്യന്‍ പൗരന്മാര്‍ അതിയായ ക്രിമിനലുകളാണെന്ന് 18 ശതമാനം പൊലീസ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. ഒരളവുവരെ കുറ്റവാളികളാണെന്ന് 22 ശതമാനം ഉദ്യോഗസ്ഥരും കരുതുന്നു. 

ഡല്‍ഹിയിലും ഗുജറാത്തിലും സമാന മനോഭാവം പുലര്‍ത്തുന്ന ഹിന്ദു വിഭാഗത്തില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം പെരുകുകയാണ്. മുസ്ലിങ്ങള്‍ ജന്മനാ ക്രിമിനല്‍ വാസനയുള്ളവരും കുറ്റവാളികളുമാണെന്ന ധാരണ ഈ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മനസില്‍ രൂഢമൂലമാണ്. മുസ്ലിങ്ങള്‍ സ്വാഭാവികമായും കുറ്റകൃത്യത്തിനൊപ്പം പോകുന്നവരാണെന്ന മനോഭാവവും ഹിന്ദുക്കളായ ഉദ്യോഗസ്ഥരുടെ മനസില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞു. 

രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ വിവിധ റാങ്കിലുള്ള 8,276 പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണമാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ പൊലീസുദ്യോഗസ്ഥരില്‍ 39 ശതമാനവും മുസ്ലിങ്ങള്‍ കുറ്റവാളികളണെന്ന മനോഭാവം വച്ചുപുലര്‍ത്തുന്നു. 23 ശതമാനം ഉദ്യോഗസ്ഥര്‍ ന്യൂനപക്ഷ വിഭാഗം ഒരു പരിധിവരെ കുറ്റവാളികളായി വിലയിരുത്തുന്നു. രാജസ്ഥാന്‍ 70 ശതമാനം, മഹാരാഷ്ട്ര 68, മധ്യപ്രദേശ് 68, പശ്ചിമ ബംഗാള്‍ 68, ഗുജറാത്ത് 67, ഝാര്‍ഖണ്ഡ് 66 ശതമാനം എന്നീ ക്രമത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ മുസ്ലിം വിരുദ്ധത.

മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ പകുതിയിലേറെ പൊലീസ് ഉദ്യോഗസ്ഥരും ദളിതുകളെയും ഉന്നം വയ്ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്ത്, ഒഡിഷ സംസ്ഥാന പൊലീസിലെ പകുതിയിലേറെ ഉദ്യോഗസ്ഥര്‍ ആദിവാസികളെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന മനോഭാവം പുലര്‍ത്തുന്നവരാണ്. ട്രാന്‍സ്ജെന്‍ഡര്‍, സ്വവര്‍ഗാനുരാഗികള്‍ എന്നീ വിഭാഗത്തില്‍പ്പെടുന്നവര്‍ സമൂഹത്തില്‍ മോശം സ്വാധീനം ചെലുത്തുന്നുവെന്ന ചിന്ത പൊലീസിലെ പകുതിയിലേറെ ഉദ്യോഗസ്ഥരുടെ മനസിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

Exit mobile version