Site iconSite icon Janayugom Online

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടയിൽ അൻവറിനെ ക്ഷണിച്ചു കുടുംബസംഗമം; 4 പേരെ പുറത്താക്കി മുസ്ലിം ലീഗ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ നേതൃത്വത്തെ വെല്ലിവിളിച്ചു സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവറിനെ ക്ഷണിച്ചു കുടുംബ സംഗമം സംഘടിപ്പിച്ച നേതാക്കൾക്കെതിരെ നടപടിയെടുത്ത് മുസ്ലിം ലീഗ്. ഇതുമായി ബന്ധപ്പെട്ട് 4 പേരെ ലീഗിൽ നിന്നും പുറത്താക്കി. മുസ്ലിം ലീഗിന്റെ പോഷകസംഘടനയായ കെഎംസിസി കോഴിക്കോട് തിരുവമ്പാടിയില്‍ നടത്തിയ കുടുംബ സംഗമത്തില്‍ ആണ് നടപടി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന വിലയിരുത്തലിലാണ് നടപടി. ഈ മാസം 15 ന് തിരുവമ്പാടിയില്‍ ആയിരുന്നു കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചത്. 

തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം അബ്ദുറഹ്മാന്‍, അറാഫി കാട്ടിപ്പരുത്തി, ഫൈസല്‍ മാതാം വീട്ടില്‍, റാഫീഖ് പുല്ലൂരാംപാറ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ നടന്ന പരിപാടി ചർച്ചയായതിന് പിന്നാലെ മുസ്ലിം ലീഗിന് പരിപാടിയിൽ ബന്ധമില്ലെന്ന് വിശദീകരിച്ച് നേതൃത്വം രംഗത്ത് വന്നിരുന്നു. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ അബ്ദുറഹ്മാൻ അടക്കമുള്ളവർക്ക് സംഭവം വാർത്തയായതിന് പിന്നാലെ ലീഗ് നേതൃത്വം നിർദേശവും നൽകിയിരുന്നു. 

എന്നാൽ ഇത് അവർ ചെവികൊണ്ടില്ല. നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ ഓഫിസ് ചുമതല വഹിക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, ദലിത് ലീഗ് സംസ്ഥാന പ്രസിഡൻറ് ഇ പി ബാബു, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി വി കെ ഹുസൈൻ കുട്ടി തുടങ്ങിയവർ പങ്കെടുക്കുമെന്ന് കാണിച്ച് പ്രചരണ ബോർഡുകൾ വന്നതോടെയാണ് സംഭവം വിവാദമായത്. 

Exit mobile version