Site iconSite icon Janayugom Online

ഏതെങ്കിലും ഉദ്യോഗസ്ഥൻ ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടത് ഞങ്ങളെ ബാധിക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്

ഏതെങ്കിലും ഉദ്യോഗസ്ഥൻ ആര്‍എസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടത് തങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. അതിലപ്പുറം പറയാനില്ല. ആർഎസ്എസ് വിരുദ്ധ നിലപാടാണ് സിപിഎം എന്നും സ്വീകരിച്ചിട്ടുളളത്. 200 ലേറെ സഖാക്കളെ പാര്‍ട്ടിക്ക് നഷ്ടമായിട്ടുണ്ട്.

ചില കോൺഗ്രസ് നേതാക്കളാണ് ഇത് പ്രചരിപ്പിക്കുന്നത്. തൃശൂരിൽ ബിജെപി വിജയത്തിലെ ഉത്തരവാദിത്തത്തിൽ നിന്നും തടിയൂരാനുളള നീക്കമായിരുന്നു ഇതെന്നും റിയാസ് ആരോപിച്ചു. വിവാദങ്ങൾ പിണറായിയെ ലക്ഷ്യം വെച്ചാണ്. പാർട്ടി സമ്മേളനങ്ങൾ അലങ്കോലമാക്കാനാണ് നിലവിൽ വിവാദങ്ങളുണ്ടാക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശക്തമായ നിലപാട് സ്വീകരിക്കും.

കോൺഗ്രസാണ് എന്നും ആർഎസ്എസിനൊപ്പം നിന്നിട്ടുളളത്. കോലീബീ സംഖ്യം വടകരയിലുണ്ടായതിൽ കോൺഗ്രസിനായിരുന്നു പങ്ക്. പി വി അൻവറുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി മറുപടി നൽകിയിട്ടുണ്ട്. പൊലീസ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. വർഗീയ കലാപങ്ങളില്ല. കേസുകളിലെ പ്രതികളെ പിടിക്കുന്നു. എന്നാൽ ഇവര്‍ക്കിടയിലും ചില പുഴുക്കുത്തുകളുണ്ട്. അന്വേഷിക്കട്ടേ. തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ ആഭ്യന്തരവകുപ്പ് ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version