രാജ്യത്തെ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ന്യായാധിപരെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള കൊളീജിയം സംവിധാനത്തിന്റെ രൂപീകരണത്തിനിടയാക്കിയത് അടിയന്തരാവസ്ഥയായിരുന്നു. ഭരണകൂടവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ന്യായാധിപന്മാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയും അർഹമായ സ്ഥാനക്കയറ്റം നിഷേധിച്ചും ശിക്ഷിക്കുകയായിരുന്നു അന്നത്തെ സർക്കാർ. അത്തരം ദുരനുഭവങ്ങളിൽ നിന്നുയർന്ന വ്യവഹാരങ്ങളുടെ പരിസമാപ്തിയാണ് കൊളീജിയം എന്ന സംവിധാനം. 1998 ൽ രാഷ്ട്രപതി കെ ആർ നാരായണന്റെ നിർദ്ദേശത്തിലൂടെയാണ് സുപ്രീം കോടതിയിലെ അഞ്ച് മുതിർന്ന ന്യായാധിപർ ഉൾപ്പെടുന്ന കൊളീജിയം സംവിധാനം സ്ഥാപിതമായത്.
ഇതുകൂടി വായിക്കു; സംഘ്കാലത്തെ നീതിപീഠങ്ങൾ
നിലവിലെ കേന്ദ്രഭരണത്തിൻ കീഴിലും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലനില്ക്കുന്നതെന്ന് സമകാലിക സംഭവങ്ങൾ തെളിയിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ചൊൽപ്പടിയിലാക്കി സേച്ഛാധിപത്യം നടപ്പാക്കുന്ന മോഡി ഭരണകൂടം നീതിന്യായ വ്യവസ്ഥയെയും തന്നിഷ്ടത്തിലേക്ക് കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ്. ഇന്നലെ കേന്ദ്ര നിയമകാര്യവകുപ്പ് മന്ത്രി കിരൺ റിജിജു നടത്തിയ പ്രസ്താവന അതിന്റെ വിളംബരം തന്നെയാണ്. ‘രാജ്യത്തെ ജനങ്ങൾ കൊളീജിയം സംവിധാനത്തിൽ തൃപ്തരല്ലെന്നും ജഡ്ജിമാരെ നിയമിക്കുക എന്നത് സർക്കാരിന്റെ കടമയാണെന്നുമാണ് മന്ത്രിയുടെ പ്രഖ്യാപനം. ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് നിയമ മന്ത്രാലയം ജഡ്ജിമാരെ നിയമിക്കുന്ന രീതി നടപ്പാക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ആർഎസ്എസ് വാരികയായ ‘പാഞ്ചജന്യ’ സംഘടിപ്പിച്ച പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞതെന്നത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. മോഡി സർക്കാർ അധികാരത്തിലെത്തിയതു മുതൽ ജുഡീഷ്യൽ നിയമനങ്ങളിൽ കെെകടത്തൽ തുടങ്ങി. മുൻ സോളിസിറ്റർ ജനറൽ ഗോപാൽ സുബ്രഹ്മണ്യത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം നിർദ്ദേശം തള്ളിക്കൊണ്ടായിരുന്നു തുടക്കം. ചീഫ് ജസ്റ്റിസായിരുന്ന ആർ എം ലോധ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ഇത്തരം ഏകപക്ഷീയ തീരുമാനങ്ങൾ ഭാവിയിൽ ഉണ്ടാകരുതെന്ന് മുന്നറിയിപ്പ് നല്കുകയും ചെയ്തു. സൊറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിക്കസ് ക്യൂറിയായതാണ് തന്നെ ഒഴിവാക്കാൻ കാരണമെന്ന് ഗോപാൽ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടിയിരുന്നു.
ജുഡീഷ്യറിയുടെ സ്വതന്ത്രവും പക്ഷരഹിതവുമായ അധികാരത്തെ തടയാനെന്ന പേരില്‍ നാഷണൽ ജുഡീഷ്യൽ അപ്പോയ്‍മെന്റ്സ് കമ്മിഷൻ രൂപീകരിക്കാനായിരുന്നു പിന്നീട് കേന്ദ്രം തയാറെടുത്തത്. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (അധ്യക്ഷൻ), സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന രണ്ട് ജഡ്ജിമാർ, പ്രധാനമന്ത്രി, നിയമ മന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവർ നാമനിർദ്ദേശം ചെയ്യുന്ന രണ്ടു പ്രമുഖര്‍ എന്നിവരടങ്ങുന്നതായിരുന്നു ജുഡീഷ്യൽ നിയമന കമ്മിഷൻ. സർക്കാർ പ്രതിനിധികളുടെ സാന്നിധ്യം നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ആ നീക്കം തടഞ്ഞു. കൊളീജിയം രീതി വിലയിരുത്തിയ ചില ഉന്നതതല കമ്മിഷനുകളാണ് ജഡ്ജിമാരെ നാമനിർദ്ദേശം ചെയ്യുന്നതിന് ഒരു സ്വതന്ത്ര സമിതി രൂപീകരിക്കണമെന്ന് ശുപാർശ ചെയ്തിരുന്നത്. എങ്കിലും ഇതിലെ ജുഡീഷ്യറിയുടെയും സർക്കാർ/നിയമനിർമ്മാണ സഭയുടെയും പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുള്ളതിനാല്‍ അന്തിമ തീരുമാനമായില്ല.
ഇതുകൂടി വായിക്കു; എന്തുകൊണ്ട് ജസ്റ്റിസ് മുരളീധറിന് നീതി നിഷേധിച്ചു
ജഡ്ജി നിയമനത്തിനായി കൊളീജിയം നൽകിയ ശുപാർശകൾ പോലും നടപ്പിലാക്കാതെ ജുഡീഷ്യറിയെ നിയന്ത്രിക്കാന്‍ ശ്രമിച്ചതിന് മോഡി സർക്കാർ പലതവണ കോടതിയുടെ വിമർശനത്തിന് വിധേയമായിട്ടുണ്ട്. 2016 ഒക്ടോബറിൽ അഡ്വക്കേറ്റ് ജനറൽ മുകുൾ റോഹ്ത്തഗിയോട് സുപ്രീം കോടതി ‘കൊളീജിയം ശുപാർശയിൽ സർക്കാർ അടയിരിക്കരുതെന്നും എതിർപ്പുണ്ടെങ്കിൽ അത് തിരിച്ചയയ്ക്കുകയാണ് വേണ്ടതെന്നും’ പറഞ്ഞത് വാര്‍ത്തയായിരുന്നു. നിലപാട് മാറിയില്ലെങ്കിൽ പ്രധാനമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് വരുത്തുമെന്ന മുന്നറിയിപ്പും കോടതി നൽകി. ഇക്കഴിഞ്ഞ സെപ്റ്റംബർ 28ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് കൊളീജിയം നിർദ്ദേശിച്ച ജസ്റ്റിസ് എസ് മുരളീധറിന് സ്ഥാനക്കയറ്റം നൽകാതെ കേന്ദ്രസർക്കാർ ഇപ്പോഴും ഉരുണ്ടുകളിക്കുകയാണ്. 2021 ജനുവരിയിൽ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായ എസ് മുരളീധർ കോടതിയുടെ മുഖച്ഛായ മാറ്റുന്ന പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകിയ ന്യായാധിപനാണ്. 2020 ഫെബ്രുവരിയിലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിട്ടത് ജഡ്ജിയായ മുരളീധറാണ്. ഇതാണ് കേന്ദ്രത്തിന്റെ അപ്രീതിക്ക് കാരണം. അന്ന് മുന്നറിയിപ്പുകളില്ലാതെ അദ്ദേഹത്തെ ഒറീസ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ഇപ്പോള്‍ സ്ഥലം മാറ്റ ശുപാര്‍ശ തടയുകയും ചെയ്തു. ഈ സാഹചര്യങ്ങളില്‍ വേണം റിജിജുവിന്റെ വാക്കുകളെ വിലയിരുത്താന്‍. ‘നേതാക്കൾക്കിടയിൽ രാഷ്ട്രീയം കാണുന്ന ജനം ജുഡീഷ്യറിക്കുള്ളിൽ നടക്കുന്ന രാഷ്ട്രീയം അറിയുന്നില്ല’ എന്ന ഗുരുതരമായ ആരോപണവും അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടുണ്ട്. ഭരണഘടനയുടെ അന്തഃസത്തയനുസരിച്ച് ജഡ്ജിമാരെ നിയമിക്കുന്നത് സർക്കാരിന്റെ ജോലിയാണെന്ന് കേന്ദ്രമന്ത്രി പറയുമ്പോള്‍ രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവിയില്‍ വലിയ ആശങ്കയാണുയരുന്നത്.