പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ ഉചിതമായ നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഗൗരവതരമാണ്. ഇടതുപക്ഷ എംഎല്‍എയാണ് അത് ഉന്നയിച്ചത്. ആരോപണ വിധേയര്‍ കേരളത്തിലെ ഉന്നതരായ പൊലീസ് മേധാവികളാണ്. അതെല്ലാം പരിഗണിക്കുമ്പോള്‍ വിഷയത്തിന്റെ ഗൗരവം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്ലവണ്ണം തിരിച്ചറിയാന്‍ കഴിയും.
ഇടതുപക്ഷ സര്‍ക്കാരിന്റെ കാഴ്ചപ്പാടില്‍ മുന്നില്‍ നില്‍ക്കേണ്ടത് ഇടതുപക്ഷ നയങ്ങളും സമീപനങ്ങളുമാണെന്ന് എന്നും പറയുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ആ നയങ്ങളിലെയും നിലപാടുകളിലെയും വ്യത്യസ്തതയാണ് ഇടതുപക്ഷത്തെ ഇടതുപക്ഷമാക്കുന്നത്. അത്തരം നയങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ മുന്നോട്ട് പോകന്നതിനായി, ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് ഏറ്റവും ഉചിതമായ തരത്തിലുള്ള നടപടി സ്വീകരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയുമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് വ്യക്തമാക്കി.
തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളെപ്പറ്റി പാര്‍ട്ടിക്കുള്ള വിമര്‍ശനം അന്ന് തന്നെ പറഞ്ഞതാണ്. തൃശൂര്‍ പൂരം സാംസ്കാരിക ഉത്സവം തന്നെയാണ്.
അത് അട്ടിമറിക്കാന്‍ ഗൂഢനീക്കം നടന്നതിനെപ്പറ്റി അന്വേഷിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നില്‍ ആര്‍എസ്എസ്-സിപിഐഎം ചര്‍ച്ച നടന്നുവെന്ന കാഴ്ചപ്പാട് സിപിഐക്കില്ലെന്നും ബിനോയ് വിശ്വം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.