രാഷ്ട്രീയ പ്രമേയത്തിനും രാഷ്ട്രീയ അവലോകന, സംഘടനാ റിപ്പോര്‍ട്ടുകള്‍ക്കും സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അംഗീകാരം. അഞ്ച് ദിവസമായി നടന്നു വരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ഇന്നലെ പൊതുചര്‍ച്ച പൂര്‍ത്തിയാക്കി പ്രതിനിധികള്‍ മൂന്നു കമ്മിഷനുകളായി പിരിഞ്ഞു. കമ്മിഷന്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ നിര്‍ദേശിക്കപ്പെട്ട ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ രേഖകള്‍ വീണ്ടും അവതരിപ്പിച്ചു. തുടര്‍ന്ന് ഭേദഗതികള്‍ ഉള്‍പ്പെടുത്തിയുള്ള കരട് റിപ്പോര്‍ട്ടുകള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസ് അനുമതി നല്‍കിയതോടെ രാഷ്ട്രീയ പ്രമേയം, സംഘടനാ, രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടുകള്‍ എന്നിവ പാര്‍ട്ടിയുടെ ഔദ്യോഗിക രേഖയായി. വിവിധ കമ്മിഷനുകള്‍ക്ക് ഡി രാജ, അമര്‍ജിത് കൗര്‍, ബിനോയ് വിശ്വം, നാഗേന്ദ്രനാഥ് ഓഝ, പല്ലബ്‌സെന്‍ ഗുപ്ത, കെ സാംബശിവ റാവു (രാഷ്ട്രീയ പ്രമേയം), ഡോ. കെ നാരായണ, രാമകൃഷ്ണ പാണ്ഡ, രാം നരേഷ് പാണ്ഡെ, സ്വപന്‍ ബാനര്‍ജി, എ വനജ, അരവിന്ദ് സ്വരൂപ്, കെ പ്രകാശ് ബാബു (സംഘടന), ഡോ. ബാല്‍ ചന്ദ്ര കാംഗോ, ആനി രാജ, ഗിരീഷ് ചന്ദ്ര ശര്‍മ, അസീസ് പാഷ, ബന്ത് സിങ് ബ്രാര്‍, പി സന്തോഷ് കുമാര്‍ (രാഷ്ട്രീയ അവലോകനം) എന്നിവര്‍ നേതൃത്വം നല്‍കി.
28 സംസ്ഥാനങ്ങളില്‍ നിന്നായി എണ്ണൂറോളം പ്രതിനിധികളാണ് പങ്കെടുത്തത്. തൊഴിലാളി സംഘടനകള്‍, കര്‍ഷക സംഘടനകള്‍, വനിതാ, യുവജന സംഘടന, കര്‍ഷക തൊഴിലാളികള്‍ ഉള്‍പ്പെടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇന്ത്യന്‍ ഫെഡറലിസം വെല്ലുവിളികള്‍ നേരിടുന്നതു സംബന്ധിച്ചും സ്വാശ്രയത്വത്തിനും രാജ്യസുരക്ഷയ്ക്കും വെല്ലുവിളിയായുള്ള പ്രതിരോധ ഉല്പാദനമേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെയും ഉള്‍പ്പെടെ പ്രമേയങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. ഇന്ന് രാവിലെ കണ്‍ട്രോള്‍ കമ്മിഷന്‍, ദേശീയ കൗണ്‍സില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കും. തുടര്‍ന്ന് പുതിയ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ജനറല്‍ സെക്രട്ടറി, സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കും. ഉച്ചകഴിഞ്ഞ് പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനമാകുമെന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ആനി രാജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബികെഎംയു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഗുല്‍സാര്‍ സിങ് ഗോറിയയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

