ആടുജീവിതത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്ക്കാരം പൃഥ്വിരാജ് സുകുമാരൻ നേടിയപ്പോൾ യഥാർഥ നായകനായ ആറാട്ടുപുഴക്കാരൻ നജീബിന് ഇരട്ടി സന്തോഷവും എല്ലാവരോടും നന്ദിയും കടപ്പാടും. മരുഭൂമിയിലെ തന്റെ ജീവിതാനുഭവത്തിന്റെ ദാരുണമായ ചിത്രമായിരുന്നു ആടുജീവിതം. സിനിമ കണ്ടുകഴിഞ്ഞപ്പോൾ കുറച്ച് സമയത്തേയ്ക്ക് താൻ പൊട്ടി കരയുകയായിരുന്നു. കാരണം പൃഥ്വിരാജ് തന്റെ കഥാപാത്രത്തിൽ ജീവിക്കുകയായിരുന്നുവെന്ന് നജീബ് ജനയുഗത്തോട് പറഞ്ഞു. ആറാട്ടുപുഴ പത്തിശേരിൽ ജംഗ്ഷന് തെക്ക് ഭാഗത്ത് തറയിൽ വീട്ടിൽ ഷുക്കൂർ എന്ന് വിളിപ്പേരുള്ള നജീബിന് ആടുജീവിതം സിനിമ കഥയല്ല തന്റെ ജീവിതമാണ്. പൃഥ്വിരാജിന് അവാർഡ് കിട്ടുമെന്ന് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. കിട്ടിയപ്പോൾ അതിയായ സന്തോഷത്തിലാണെന്നും പൃഥ്വിരാജ്, ബ്ലെസി, ബെന്യാമിൻ ഉൾപ്പടെയുള്ളവർ തന്നെവിളിച്ച് അവാർഡിന്റെ സന്തോഷം പങ്കിട്ടുവെന്നും നജീബ് പറഞ്ഞു.
പൃഥ്വിരാജ് തന്നെ കാണുവാൻ എത്തുമെന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്. ആടുജീവിതം റിലീസായതിന് ശേഷം നജീബിന്റെ ദുരിത ജീവിതത്തിന് ചെറിയൊരു അറുതി വന്നു. നിരവധി ഉദ്ഘാടനങ്ങളിലും സ്കൂളുകളിലെ പരിപാടികളിലും ഗൾഫ് നാടുകളിൽ അടക്കം പല വേദികളിലും നടക്കുന്ന മെഗാ ഷോകളിൽ അതിഥിയായി തന്നെ വിളിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സിനിമാ മേഖലയിലെ ഒട്ടുമിക്ക പ്രമുഖരുമായും സൗഹൃദം സ്ഥാപിക്കാൻ സാധിച്ചതും ആടുജീവിതത്തിനു ശേഷമുള്ള തന്റെ ജീവിതത്തിൽ സന്തോഷം പകരുന്ന കാര്യമാണ്. സിനിമാ മേഖലയിലുള്ള പലരും ആടുജീവിതം കണ്ടതിന് ശേഷം തന്നെ വിളിക്കുകയും കാര്യങ്ങൾ എല്ലാം തിരക്കുകയും ചെയ്യന്നുണ്ട്.
ഓൺലൈൻ മാധ്യമങ്ങൾ മുതൽ ചാനലുകൾ വരെ ആദ്യം സൗജന്യമായാണ് തന്റെ പരിപാടികൾ വച്ചിരുന്നതെങ്കിലും ഇപ്പോൾ പ്രതിഫലം നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജ്, എ ആർ റഹ്മാൻ എന്നിവർ നൽകിയ സാമ്പത്തിക സഹായങ്ങൾ ഏറ്റവും വലിയ മുതൽക്കൂട്ടാണ്. ബഹ്റൈനിലെ സ്വന്തം നാട്ടുകാരുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്റൈൻ, പടവ് കുടുംബ വേദി തുടങ്ങിയവയുടെ സ്വീകരണ പരിപാടിയിലും നജീബ് പങ്കെടുത്തു. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ജനപ്രിയ ചിത്രം ഉൾപ്പെടെ ഒൻപതു പുരസ്കാരങ്ങളാണ് നേടിയത്.