ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മൗര്യ ചക്രവര്‍ത്തിമാരുടെ വാസ്തുവിദ്യയുടെ ഏക തെളിവായി കണക്കാക്കപ്പെടുന്ന കംഹ്റാറിലെ 80 തൂണുകളുള്ള അസംബ്ലി ഹാളിന്റെ ഒരു ഭാഗം നാളെ വീണ്ടും തുറക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ) തീരുമാനിച്ചു.
അശോക ചക്രവര്‍ത്തി തന്‍റെ യോഗങ്ങള്‍ നടത്തിയിരുന്ന ഹാളാണിതെന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്. എന്നിരുന്നാലും 1990കളുടെ അവസാനത്തില്‍ ഭൂഗര്‍ഭ ചോര്‍ച്ചയെത്തുടര്‍ന്ന് ഹാളിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാകാന്‍ തുടങ്ങിയിരുന്നു. കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ 2004ല്‍ ഇത് മണ്ണും മണലും ഉപയോഗിച്ച് കവര്‍ ചെയ്തിരുന്നു.
20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഭൂഗര്‍ഭ ചോര്‍ച്ച വര്‍ധിക്കുകയും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ചെയ്തതോടെ 2005ല്‍ വീണ്ടും ഈ ഭാഗം മണ്ണുും മണലും കൊണ്ട് മൂടി സംരക്ഷണ കവചം തീര്‍ത്തിരുന്നു.
എന്നിരുന്നാലും പൊതുജനങ്ങള്‍ക്ക് കാണാനായി എഎസ്ഐ വീണ്ടും ഈ ഹാള്‍ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുഴുവന്‍ തൂണുകളുടെയും നിലവിലെ അവസ്ഥയെപ്പറ്റി പഠിച്ച ശേഷം പിന്നീട് ഹാളിന്റെ എല്ലാ ഭാഗങ്ങളും പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തേക്കാം.
80 തൂണുകളുള്ള ഈ അസ്സംബ്ലി ഹാള്‍ പുരാതന പാടലിപുത്രയുടെ അവശേഷിക്കുന്ന തെളിവുകളില്‍ ആദ്യത്തേതായാണ് കണക്കാക്കപ്പെടുന്നത്. മൗര്യ പൈതൃക കേന്ദ്രത്തില്‍ 20 അടിയോളം മണ്ണില്‍ മൂടപ്പെട്ട് കിടന്നിരുന്ന ഈ ഹാള്‍ വര്‍ഷങ്ങളോളം വിസ്മൃതിയിലാണ്ട് പോയിരുന്നു.
മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പുരാതന നഗരം പാടലീപുത്രയുടെ അവശിഷ്ടങ്ങള്‍ ഖനനം ചെയ്തെടുത്ത പാട്നയിലെ ഒരു പ്രദേശമാണ് കുംഹ്റാര്‍.