Site iconSite icon Janayugom Online

പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആര്‍ച്ച് ബിഷപ്പ് അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു

പാരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. അദ്ദേഹത്തിന് 85 വയസായിരുന്നു.64 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തില്‍ 56 വര്‍ഷം ഭാരത സഭയെ നയിച്ചു. ആത്മീയാചാര്യൻ, സഭാതലവൻ, സാംസ്‌കാരിക നേതാവ്, സഭാചരിത്ര ഗവേഷകൻ, ഗ്രന്ഥകർത്താവ്, സുറിയാനി ഭാഷാ പ്രേമി എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു.തൃശ്ശൂർ കിഴക്കേക്കോട്ട മാർ യോഹന്നാൻ മാംദ്ദാനപള്ളി ഇടവകയിലെ മൂക്കൻ കുടുംബത്തിൽ ദേവസിയുടെയും പറപ്പുള്ളി കൊച്ചുമറിയത്തിന്റെയും10 മക്കളിൽ നാലാമനായി 1940 ജൂൺ 13‑നാണ് ജോർജ്ജ് ഡേവിസ് മൂക്കൻ എന്ന മാർ അപ്രേം മെത്രാപ്പോലീത്ത ജനിച്ചത്. 

യുണൈറ്റഡ് തിയോളജിക്കൽ കോളേജ്, ന്യൂയോർക്ക് യൂണിയൻ തിയോളജിക്കൽ സെമിനാരി, പ്രിൻസ്ടൺ തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിൽ നിന്നാണ് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയത്.1961 ജൂൺ 25‑ന് ശെമ്മാശപട്ടം സ്വീകരിച്ചു. 26-ാം ജന്മദിനത്തിൽ 1965 ജൂൺ 13‑ന് കശീശപട്ടം സ്വീകരിച്ചു. 1968 സെപ്റ്റംബർ 21‑ന് എപ്പിസ്‌കോപ്പയായും ഒരാഴ്ചയ്ക്ക്‌ശേഷം 29‑ന് മെത്രാപ്പോലീത്തയായും ഇറാഖിലെ പ്രസിദ്ധമായ മാർ സയ്യാകത്തീഡ്രലിൽ വെച്ച് സ്ഥാനാരോഹണം ചെയ്തു. ഭാരത സഭയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു.

1968 ഒക്ടോബർ 26‑ന് ഇന്ത്യയിൽ തിരിച്ചെത്തി സഭയുടെ ഭരണച്ചുമതല ഏറ്റെടുത്തു. 2015‑ൽ മാറൻ മാർ ദിൻഹാ നാലാമൻ പാത്രിയാർക്കീസ് കാലം ചെയ്തതിനെത്തുടർന്ന് പുതിയ പാത്രിയാർക്കീസ് തിരഞ്ഞെടുപ്പുവരെ ആറുമാസത്തോളം ആഗോള തലവനായി സഭയെ നയിച്ചു. എഴുപതിലധികം ഗ്രന്ഥങ്ങളുടെ കർത്താവാണ്. യാത്രാവിവരണം, നർമഭാവന, സഭാചരിത്രം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ളവയാണ് ഗ്രന്ഥങ്ങൾ. മദ്രാസിലെ മാർത്തോമ ഹയർസെക്കൻഡറി സ്‌കൂളും തൃശ്ശൂരിലെ കാൽഡിയൻ കോളേജും സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. എഴുത്തിലെന്നപോലെ സംഗീതത്തിലും തത്പരനായിരുന്നു.

Exit mobile version