Site iconSite icon Janayugom Online

മുപ്പതു വെള്ളിക്കാശില്‍ നിന്ന് മുന്നൂറ് രൂപയിലേക്ക് യൂദാസുമാര്‍ പരിവര്‍ത്തനം ചെയ്യുമ്പോള്‍

”പിമ്പന്മാര്‍ മുമ്പന്മാരായ്ത്തീരുമെന്നന്നാളേശു- തമ്പുരാനരുള്‍ചെയ്ത,തന്നത്തെക്കഥയത്രേ; ശക്തിയും തന്ത്രങ്ങളും കൊണ്ടിന്നു തള്ളിക്കേറി- യെത്തിയാലവന്‍ മുമ്പ,നല്ലെങ്കിലെന്നും പിമ്പന്‍,ആകയാല്‍ ജനങ്ങളേ…” ചൊല്കയായ് മേലധ്യക്ഷനായകര്‍ പുരോഹിതര്‍, വന്‍ പള്ളിപ്രമാണികള്‍: ”ശക്തിയും മഹത്വവും നമ്മള്‍തന്‍ കക്ഷിക്കെന്ന സത്യമീ രാജ്യത്തിന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ബോധ്യമാക്കിയേ പറ്റൂ: ജാഥകള്‍, മീറ്റിങ്ങുകള്‍ സാധ്യമാംവിധം നാം ഗംഭീരമായി നടത്തണം! എത്രയും ലജ്ജാപൂര്‍വം തലതാഴ്ത്തണം തോറ്റു സത്യവിശ്വാസത്തിന്റെ ഘാതകരെതിര്‍പക്ഷം! ത്യാഗൈകരൂപന്‍, ദിവ്യ സ്നേഹൈകദേവന്‍; സര്‍വ ലോകൈകനാഥന്‍ നമ്മെത്തുണയ്ക്കു, മാമ്മേനാമ്മേന്‍!” ‘വീണ്ടും കുരിശില്‍’ എന്ന കവിതയില്‍ കവി ചെമ്മനം ചാക്കോ ഈവിധം എഴുതിയത് വര്‍ത്തമാനകാലത്ത് കൂടുതല്‍ പ്രസക്തമാവുകയാണ്. യേശുവിനെ വീണ്ടും കുരിശിലേറ്റുന്ന സത്യവിശ്വാസ ഘാതകര്‍ മുഖംമൂടി മാറ്റി രംഗപ്രവേശം ചെയ്യുന്നതിന് ഈ ദുരിതകാലത്ത് നാം സാക്ഷിയാവുകയാണ്. ത്യാഗൈക രൂപന്റെ, ദിവ്യ സ്നേഹൈക ദേവന്റെ, ലോകൈക നാഥന്റെ വിശ്വവെളിച്ചം പകര്‍ന്ന മാനവിക ദര്‍ശനങ്ങളെ തമസ്കരിക്കുകയും വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകളുടെ പ്രചാരകരും പ്രയോക്താക്കളും വക്താക്കളുമായവരുടെ പാദങ്ങളില്‍ താല്കാലിക സ്ഥാനലബ്ധിക്കു വേണ്ടി മുത്തമിടുകയുമാണ് ഈ സത്യവിശ്വാസ ഘാതകര്‍. റബ്ബറിന് മുന്നൂറ് രൂപ നല്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറക്കാമെന്നും കുറഞ്ഞത് മൂന്ന് സീറ്റ് തങ്ങള്‍ ഉറപ്പാക്കാമെന്നുമുള്ള തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ലജ്ജാപൂര്‍വം തോറ്റു തലതാഴ്ത്തേണ്ട ഒന്നാണ്.

അടിമത്തത്തിന്റെ അകങ്ങളില്‍ നിന്ന് മനുഷ്യരാശിയെ സമത്വത്തിന്റെയും സമഭാവനയുടെയും പുതുലോകത്തേക്കാനയിക്കുവാന്‍ ജീവിതം സമര്‍പ്പിച്ച യേശുക്രിസ്തുവിനെ മുപ്പതു വെള്ളിക്കാശിനുവേണ്ടി ഒറ്റിക്കൊടുത്ത ‘യൂദാസുമാര്‍’ ഇന്ന് മുന്നൂറു രൂപയാവശ്യപ്പെട്ട് ക്രിസ്തുവിനെ വീണ്ടും കുരിശിലേറ്റുന്നു. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഗൂഢകേന്ദ്രങ്ങളിലെ കൂടിയാലോചനയ്ക്കു ശേഷമാണ് മാര്‍ ജോസഫ് പാംപ്ലാനി പരസ്യപ്രസ്താവന നടത്തിയത്. പ്രലോഭനങ്ങള്‍ക്കും വാഗ്ദാനങ്ങള്‍ക്കും കീഴ്പ്പെട്ട് ദൈവിക ദര്‍ശനങ്ങളെയും മതനിരപേക്ഷ ബോധത്തെയും പണയപ്പെടുത്തുന്ന, വിഷലിപ്ത സങ്കുചിത ചിന്തകളെ മാറോടു ചേര്‍ത്തുപിടിക്കുന്ന മതവിശ്വാസികളെ വഞ്ചിക്കുന്ന കൂട്ടരാണിവര്‍. റബ്ബറിന്റെ വിലയിടിച്ച ഭരണകൂട കര്‍ഷകവിരുദ്ധ നിലപാടുകള്‍ ഈ വൈദികന്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. കോണ്‍ഗ്രസ് ഭരണം നടപ്പാക്കിയ നവ ഉദാരവല്‍ക്കരണ നയങ്ങളുടെയും അതിനെ പിന്‍പറ്റി നരേന്ദ്രമോഡി സര്‍ക്കാര്‍ തീവ്രതയോടെ നടപ്പാക്കിയ ഉദാരവല്‍ക്കരണ–ആഗോളവല്‍ക്കരണ–സ്വകാര്യവല്‍ക്കരണവുമാണ് ഇന്ത്യയുടെ കാര്‍ഷിക മേഖലയെ തകര്‍ത്തതും കര്‍ഷക ആത്മഹത്യകളുടെ ദുരന്തഭൂമിയായി ഇന്ത്യയെ മാറ്റിത്തീര്‍ത്തതും. കോണ്‍ഗ്രസ് ഭരണകാലത്തെ നയങ്ങള്‍ക്കെതിരായി ‘സ്വദേശി ജാഗരണ്‍ മഞ്ച്’ രൂപീകരിച്ച് പ്രക്ഷോഭം നടത്തിയ സംഘ്പരിവാറുകള്‍ അധികാരം ലഭിച്ചപ്പോള്‍ കര്‍ഷകരെ കൂടുതല്‍ ചൂഷിത വലയത്തിലാക്കുകയായിരുന്നു.


ഇതുകൂടി വായിക്കൂ:  വിഘടനവാദത്തിന്റെ വേരറുക്കണം


ആസിയാന്‍ കരാര്‍ യാഥാര്‍ത്ഥ്യമാക്കിയതിലൂടെയാണ് റബ്ബറിന്റെയും ഇതര നാണ്യവിളകളുടെയും വില കുത്തനെ ഇടിഞ്ഞത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരമ്മപെറ്റ മക്കളാണെന്ന ചരിത്ര യാഥാര്‍ത്ഥ്യം ബിഷപ്പ് പാംപ്ലാനിയെപ്പോലുള്ളവര്‍ തിരിച്ചറിയാത്തത് ആസൂത്രിതമാണ്. ജുഡീഷ്യറിയെ പോലും സംഘ്പരിവാര്‍ ശക്തികള്‍ കീഴ്പ്പെടുത്തുന്നുണ്ട്. തങ്ങള്‍ക്ക് അനുകൂലമായി വിധി പ്രസ്താവം നടത്തുന്ന (അയോധ്യ രാമക്ഷേത്രമുള്‍പ്പെടെ) സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് രാജ്യസഭയില്‍ പ്ര ത്യേക ഇരിപ്പിടം ഒരുക്കി നല്കുന്നത് പ്രലോഭനത്തിന്റെ ഫാസിസ്റ്റ് അജണ്ടയാണ്. തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഇത്തരമൊരു പ്രസ്താവന സംഘ്പരിവാറിനും ബിജെപിക്കും വേണ്ടി ഉന്നയിക്കുമ്പോള്‍ ആര്‍
എസ്എസിന്റെ ര ണ്ടാമത്തെ സര്‍സംഘ്ചാലകായ മാധവ് സദാശിവ് ഗോള്‍വാള്‍ക്കറുടെ പ്രസ്താവനകൂടി വായിക്കണമായിരുന്നു. ഗോള്‍വാള്‍ക്കര്‍ ‘വിചാരധാര’യില്‍ ഇത് ഹിന്ദു രാഷ്ട്രം, ഹിന്ദുക്കളല്ലാത്തവര്‍ ഒന്നുകില്‍ ഇന്ത്യ വിട്ടുപോകണം അല്ലെങ്കില്‍ പൗരാവകാശമില്ലാതെ ഇന്ത്യയില്‍ അടിമകളെപ്പോലെ ജീവിക്കാം എന്ന് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ഗോള്‍വാള്‍ക്കര്‍ എഴുതി; ‘ഞങ്ങള്‍ക്കു മൂന്ന് ശത്രുക്കള്‍. 1. മുസ്ലിങ്ങള്‍, 2. ക്രിസ്ത്യാനികള്‍, 3. കമ്മ്യൂണിസ്റ്റുകാര്‍. രണ്ടാമത്തെ മുഖ്യ ശത്രുവായി ആര്‍എസ്എസ് പ്രഖ്യാപിച്ചിരിക്കുന്ന ക്രിസ്ത്യന്‍ സമൂഹത്തിന്റെ ബിഷപ്പാണ് ആര്‍എസ്എസിനും ബിജെപിക്കും മുന്നൂറു രൂപയ്ക്കുവേണ്ടി അടിയറവയ്ക്കുന്നത്.

മുസ്ലിം സമുദായത്തിനെതിരായ അതിക്രമം മാത്രമല്ല ആര്‍എസ്എസും ബിജെപിയും ഇതര സംഘ്പരിവാര ശക്തികളും നടപ്പാക്കുന്നത്. ക്രൈസ്തവ സഭാംഗങ്ങള്‍ക്കെതിരെയും നീചമായ അതിക്രമങ്ങള്‍ അരങ്ങേറ്റുന്നു. ഈ അടുത്തിടെയാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ക്രൈസ്തവ സഭകളുടെ സംയുക്ത കൂട്ടായ്മ, ക്രൈസ്തവ സഭാംഗങ്ങള്‍ക്കെതിരായ സംഘ്പരിവാര്‍ അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ഒഡിഷയില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘ്പരിവാര്‍ ശക്തികളാല്‍ ചുട്ടുകരിക്കപ്പെട്ടതും ബലാത്സംഗത്തിന് ഇരയായതും മുന്നൂറ് രൂപയ്ക്കുവേണ്ടി ക്രിസ്തുവിനെ പണയപ്പെടുത്തുന്ന വൈദികന്‍ എന്തുകൊണ്ട് മറന്നുപോകുന്നു?. ഇക്കാര്യത്തില്‍ ഏറ്റവും വലിയ മതേതര പാര്‍ട്ടി എന്നവകാശപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മൗനത്തിലാണ്. മൗനത്തിന്റെ വല്മീകം അവര്‍ തുറക്കുകയില്ല. കാരണം ഭൂരിപക്ഷ–ന്യൂനപക്ഷ വര്‍ഗീയതയുടെ പക്ഷം ചേര്‍ന്നു സഞ്ചരിക്കുവാനാണ് പണ്ഡിറ്റ് നെഹ്രുവിന്റെ കാലത്തിനു ശേഷം കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.


ഇതുകൂടി വായിക്കൂ:   വടക്കു കിഴക്കല്ല കേരളം


നെഹ്രു മതനിരപേക്ഷതയുടെ പതാക മാനംമുട്ടെ ഉയര്‍ത്തിയ മതേതരവാദിയാണ്. പുത്തന്‍കാവ് മാത്തന്‍ തരകന്റെ ‘ബൈബിള്‍ കഥകള്‍’ എന്ന പുസ്തകത്തിലെ ഈ വരികള്‍ മുന്നൂറ് രൂപയ്ക്ക് യേശുവിനെ ബിജെപിക്കും വര്‍ഗീയ ഫാസിസത്തിനും വില്ക്കുന്നവരെ ചോദ്യം ചെയ്യുന്നു. .…അപ്പോള്‍ ജനങ്ങള്‍ വിളിച്ചു പറഞ്ഞു: ‘അങ്ങിവനെ വിട്ടാല്‍ പിന്നെ ഇവിടം ഭരിക്കുവാന്‍ അങ്ങേയ്ക്ക് അവകാശമുണ്ടായിരിക്കുകയില്ല’… ഇതു കേട്ടിട്ടും പീലാത്തോസ് അറിയിച്ചു: ‘മരണയോഗ്യമായ ഒരപരാധവും ഇവന്‍ ചെയ്തിട്ടുള്ളതായി തെളിഞ്ഞിട്ടില്ല’… യഹൂദ നായ്ക്കളെല്ലാം കൂട്ടത്തോടെ കുരച്ചു ‘അവനെ തൂക്കിലേറ്റൂ’ ‘ഈ പരിശുദ്ധന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല’ പക്ഷേ, പരിശുദ്ധന്റെ വിശുദ്ധരക്തത്തെ മലീമസമാക്കുകയാണ് 300 രൂപയ്ക്കുവേണ്ടി സംഘ്പരിവാര ദാസഗണങ്ങള്‍. ചെന്നായ്ക്കളുടെ മുന്നില്‍ ആട്ടിന്‍കുട്ടിയെപ്പോലെയല്ല ഇഷ്ട താല്പര്യക്കാരായ സംഘ്കുടുംബ ദാസ്യഗണങ്ങള്‍. ഈ യൂദാസുമാരോട് കര്‍ത്താവ് പൊറുക്കട്ടെ!

Exit mobile version