Site iconSite icon Janayugom Online

ബലാത്സംഗ കേസിൽ വാദം തുടരും; റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ അറസ്സ് തടഞ്ഞ് ഹൈക്കോടതി. മുന്‍കൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ബലാത്സംഗ പരാതിയിൽ തൃക്കാക്കര പൊലീസ് കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ വേടൻ ഒളിവിലാണ്. ഈ കേസിൽ വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ വാദം കേൾക്കുമ്പോഴാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് താൽക്കാലികമായി അറസ്റ്റ് തടഞ്ഞത്. കേസിൽ നാളെയും വാദം തുടരും. ചൊവ്വാഴ്ച നടന്ന വാദത്തില്‍ പരാതിക്കാരി വേടനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു.

 

വിവാഹവാഗ്ദാനം നല്‍കിയാണ് യുവ ഡോക്ടറെ വേടന്‍ പീഡിപ്പിച്ചത്. എന്നാല്‍, പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ചുപോയി. ഇതോടെ മാനസികനില തകരാറിലായി. കാലങ്ങളോളം ചികിത്സതേടേണ്ടിവന്നു. ഏറെ കാലമെടുത്താണ് സാധാരണജീവിതത്തിലേക്ക് തനിക്ക് മടങ്ങിവരാനായതെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു. ഇതിനിടെ, ബന്ധം പിരിഞ്ഞ ശേഷം ആ ബന്ധത്തിലുണ്ടായിരുന്ന ശാരീരിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി അടക്കം പറഞ്ഞിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വേടനെതിരെ വേറെയും പരാതികളുണ്ടെന്നും അത്തരത്തിൽ രണ്ടു പേർ പരാതി മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി. എന്നാൽ ക്രിമിനൽ നടപടിക്രമങ്ങളിൽ മുഖ്യമന്ത്രിക്ക് എന്താണ് കാര്യമെന്നും എഫ്ഐആർ എങ്കിലും റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു.

Exit mobile version