Site iconSite icon Janayugom Online

മകളുടെ പ്രണയത്തെച്ചൊല്ലി തര്‍ക്കം; അച്ഛൻ പെട്രോളൊഴിച്ച് തീ കൊളുത്തി, മൂന്ന് മരണം

കോട്ടയം എരുമേലിയിൽ മകളുടെ പ്രണയത്തെച്ചൊല്ലി വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ അച്ഛന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി. സംഭവത്തിൽ കുടുംബത്തിലെ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ശ്രീനിപുരം പുത്തന്‍പുരയ്ക്കല്‍ സത്യപാലന്‍ ‚ഭാര്യ ശ്രീജ, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്. ശ്രീജ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മറ്റ് രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മകൾ ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിലുള്ള എതി‍ര്‍പ്പാണ് പിതാവിനെ കൃത്യത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. അഞ്ജലിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വെള്ളിയാഴ്ച രാവിലെ ഒരു യുവാവ് ഇവരുടെ വീട്ടിലെത്തിയിരുന്നു. യുവാവ് പോയ ശേഷമാണ് വീട്ടില്‍ വഴക്കുണ്ടായതെന്നും തുടര്‍ന്ന് തീ ഉയരുന്നത് കണ്ടെന്നും അയല്‍വാസികള്‍ പറഞ്ഞു. സമീപവാസികളും കാഞ്ഞിരപ്പള്ളിയില്‍ നിന്നും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചെങ്കിലും വീടിന്റെ ഉള്‍വശവും വൈദ്യുതിവയറുകളും മേല്‍ക്കൂരയിലെ ഷീറ്റും കത്തിനശിച്ചിരുന്നു. പൊള്ളലേറ്റ മകൻ മാത്രമാണ് ഇതിലെ ദൃക്സാക്ഷി. ചികിത്സയിലായതിനാല്‍ മകന്റെ മൊഴി എടുക്കാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. 

Exit mobile version