Site iconSite icon Janayugom Online

പ്രസാദത്തെച്ചൊല്ലി തർക്കം; ഡൽഹി കൽക്കാജി ക്ഷേത്രത്തിലെ സേവകനെ കൊലപ്പെടുത്തി

പ്രസാദത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഡൽഹി കൽക്കാജി ക്ഷേത്രത്തിലെ സേവകനെ മർദിച്ച് കൊലപ്പെടുത്തി. മൂന്ന് പേർ ചേർന്ന് തുടർച്ചായി മർദിച്ചതിനെത്തുടർന്ന് സേവകൻ നിലത്ത് വീഴുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇന്നലെ രാത്രിയാണ് സംഭവം. പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.

ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പ്രതികൾ പ്രസാദത്തിനായി സേവകനെ സമീപിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. പ്രസാദത്തെച്ചൊല്ലി സേവകനും പ്രതികളുമായി വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം പെട്ടന്ന് തന്നെ അക്രമാസക്തമാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് സേവകനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. 

35 വയസ്സുള്ള യോഗേന്ദ്ര സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഹർദോയി നിവാസിയായ ഇയാൾ 15 വർഷമായി കൽക്കാജി ക്ഷേത്രത്തിൽ സേവകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.ആക്രമണത്തെത്തുടർന്ന് സിംഗിനെ ഉടൻ തന്നെ ചികിത്സക്കായി എയിംസ് ട്രോമ സെൻററിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

ദക്ഷിൺപുരി സ്വദേശിയായ അതുൽ പാണ്ഡെ എന്ന പ്രതിയെ സംഭവസ്ഥലത്ത് വച്ച് തന്നെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. 

Exit mobile version