Site icon Janayugom Online

ദൗത്യം പൂര്‍ണവിജയം; അരിക്കൊമ്പനെ പെരിയാര്‍ കടുവാസങ്കേതത്തില്‍ തുറന്നുവിടും

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ശല്യക്കാരനായ കാട്ടാന അരിക്കൊമ്പനെ വനംവകുപ്പിന്റെ ദൗത്യസംഘം മയക്കുവെടിവെച്ച് തളച്ചു. ഉച്ചയോടെ കുങ്കിയാനകളുടെ സഹായത്തോടെ നിയന്ത്രണത്തിലാക്കിയ കൊമ്പനെ വൈകിട്ട് നാലുമണിയോടെ ലോറിക്കു സമീപത്തെത്തിച്ചു. പിന്നീട് ആറരയോടെയാണ് കൊമ്പനെ കയറ്റിയ ലോറി കുമളിയിലേയ്ക്കു തിരിച്ചത്. രാത്രി വൈകി തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെത്തിച്ച കാട്ടാനയെ കടുവാ സങ്കേതത്തില്‍ തുറന്നുവിടും. ആനയ്ക്ക് റേഡിയോ കോളറും ഘടിപ്പിച്ചു. അഞ്ചു തവണ മയക്കുവെടിവച്ചിട്ടും ചെറുത്തു നിന്ന ആനയെ ആറാമത്തെ ഡോസ് വെടികൂടി വച്ചാണ് മയക്കി കീഴ്‌പ്പെടുത്തിയത്.

ദൗത്യം നിര്‍വഹിച്ച മേഖലയില്‍ നിന്ന് യന്ത്രസഹായത്തോടെ കാനനപാത തെളിച്ചാണ് അരിക്കൊമ്പനെ പുറത്തെത്തിച്ചത് ആള്‍ക്കൂട്ടം കണ്ട് പ്രകോപിതനാവാതിരിക്കാന്‍ അരിക്കൊമ്പന്റെ കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയിരുന്നു. ആദ്യ ദിവസം അരിക്കൊമ്പൻ ദൗത്യം പരാജയപ്പെട്ടത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ രണ്ടാം ദിവസം ദൗത്യസംഘം നിശ്ചയദാർഢ്യത്തോടെ വളരെ വിജയകരമായി ദൗത്യം പൂർത്തിയാക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ തന്നെ ദൗത്യം പുനരാരംഭിക്കുകയിരുന്നു. 

അരിക്കൊമ്പൻ കൃത്യമായി എവിടെയുണ്ടെന്ന് വനം വകുപ്പ് വാച്ചർമാരുടെ നേതൃത്വത്തിൽ ക്യത്യമായി സ്ഥിരീകരിച്ചു. രാവിലെ അരിക്കൊമ്പനൊപ്പം ചക്കക്കൊമ്പനും നിലയുറപ്പിച്ചത് വനം വകുപ്പിന് വെല്ലുവിളിയായിരുന്നു. തുടർന്ന് വനം വകുപ്പ് പടക്കം പൊട്ടിച്ച് ചക്കക്കൊമ്പനെ സ്ഥലത്ത് നിന്ന് മാറ്റിയ ശേഷം ദൗത്യം നടത്താൻ ഉദ്ദേശിച്ച സിമന്റ് പാലത്തിന് സമീപം അരിക്കൊമ്പനെ എത്തിക്കുകയായിരുന്നു. ആദ്യ മയക്കുവെടി 11: 55 ന് ഉതിർത്ത് കാത്തിരുന്നെങ്കിലും കൊമ്പൻ മയങ്ങാത്തതിനെ തുടർന്ന് വീണ്ടും നാലുതവണ കൂടി മയക്ക് വെടി ഉതിർക്കേണ്ടി വന്നു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം മയക്കത്തിലായെന്ന് ഉറപ്പ് വരുത്തി കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പന്റെ കാലുകൾ ബന്ധിക്കുകയായിരുന്നു. പിന്നീടും ചെറുത്തു നിന്നപ്പോഴാണ് ആറാമത്തെ മയക്കുവെടിവച്ചത്.

Eng­lish Summary;Arikomban will be released at the Peri­yar Tiger Sanctuary
You may also like this video

Exit mobile version