Site iconSite icon Janayugom Online

അരിക്കൊമ്പനെ ഇന്ന് കാട്ടിലേക്ക് വിടരുത്: മദ്രാസ് ഹൈക്കോടതി

അരിക്കൊമ്പനെ ഇന്ന് കാട്ടിലേക്ക് തുറന്നുവിടാനാവില്ല. എറണാകുളം സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിച്ച് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി സ്റ്റേ ചെയ്തു. ആനയെ കേരള സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ വിടണമെന്നാണ് ഹര്‍ജി. കാട്ടില്‍ തുറന്നുവിടരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

അരിക്കൊമ്പനെ തിരുനെല്‍വേലി കടുവാ സങ്കേതത്തില്‍ തുറന്നുവിടാനായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. ഇതനുസരിച്ച് ആനയുമായി കളക്കാട് ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ എത്താന്‍ അര മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു കോടതിയുടെ ഉത്തരവ് വന്നത്.

റെബേക്ക ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നാളെ  വിശദമായ വാദം കേള്‍ക്കും. അതുവരെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ ആനയെ പാര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ ഇതേ ആവശ്യത്തില്‍ ‍20‍ട്വന്റി എന്ന സംഘടനയുടെ നേതാവ് സാബു എം ജേക്കബ് നല്‍കിയ ഹര്‍ജി കേരള ഹൈക്കോതി തള്ളിയിരുന്നു. ആന തമിഴ്‌നാട് അതിര്‍ത്തിയിലാണെന്നും തമിഴ്‌നാട് സര്‍ക്കാരോ വനം വകുപ്പോ ആനയെ ഉപദ്രവിക്കുന്നില്ലെന്നും നിരീക്ഷിച്ച കോടതി ഹര്‍ജിക്കാരനെ വിമര്‍ശിച്ചു. ആനയെ കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന്റെ ചെലവ് വഹിക്കുമോ എന്നും ഹര്‍ജിക്കാരനോട് ചോദിക്കുകയും ചെയ്തിരുന്നു.

അതിനിടെ അരിക്കൊമ്പനെ തമിഴ്‌നാട്ടില്‍നിന്ന് വീണ്ടും പിടികൂടിയ സംഭവം വേദനാജനകമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പ്രതികരിച്ചു. നിയമങ്ങള്‍ മനുഷ്യനുവേണ്ടി മാത്രമുള്ളതാണെന്നും മറ്റ് സഹജീവികളെ പരിഗണിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ ആരംഭിക്കുന്ന പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

Eng­lish Sam­mury: Ariko­mopan case in madras hicourt

Exit mobile version