ഇന്ത്യന്‍ കരസേനയുടെ ആധുനികവല്‍ക്കരണം ഇഴഞ്ഞുനീങ്ങുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രതിരോധ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി. സൈന്യത്തിന്റെ നവീകരണത്തിനുള്ള ബജറ്റ് വിഹിതം കുറഞ്ഞതിനെ സമിതി റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ‍്തു. തുക അടിയന്തരമായി വര്‍ധിപ്പിക്കണമെന്നും പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. രാജ്യത്തെ സൈന്യം 12 ലക്ഷം വരുന്ന ശക്തമായ സേനയാണെങ്കിലും ആധുനികവല്‍ക്കരണത്തില്‍ പിന്നിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വര്‍ധിച്ചുവരുന്ന ഭീഷണികള്‍ ഫലപ്രദമായി ചെറുക്കേണ്ടതിനാല്‍ ഏറ്റവും ആധുനികമായ ആയുധങ്ങള്‍ സംഭരിക്കുകയും നൂതനമായ സാങ്കേതികവിദ്യകളും തന്ത്രങ്ങളും സ്വീകരിക്കുകയും വേണമെന്ന് രാധാമോഹന്‍ സിങ് അധ്യക്ഷനായ സമിതി പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അയല്‍രാജ്യങ്ങള്‍ പ്രതിരോധ ചെലവിനായി നീക്കിവച്ചിരിക്കുന്ന തുകയ‍്ക്ക് ആനുപാതികമായ തുക ഇന്ത്യയും വകയിരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
സേനയുടെ നവീകരണം, അടിസ്ഥാനസൗകര്യ വികസനം, സേനാ ശക്തി വര്‍ധിപ്പിക്കുക എന്നിവയ‍്ക്കുള്ള ചെലവുകള്‍ കണക്കാക്കിയാണ് സാധാരണ ബജറ്റ് വിഹിതം നല്‍കുന്നതെന്ന് കമ്മിറ്റി മനസിലാക്കുന്നു. ഇക്കാര്യങ്ങള്‍ സൈന്യത്തിന്റെ നവീകരണത്തിന് മാത്രമല്ല, പ്രാദേശിക സമഗ്രത സംരക്ഷിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. ബജറ്റ് വിഹിതം എല്ലാ വര്‍ഷവും വര്‍ധിപ്പിക്കണം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവായിരിക്കരുത്. അതുവഴി പണപ്പെരുപ്പത്തിന്റെ സ്വാധീനം ഒഴിവാക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആധുനികവല്‍ക്കരണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും ബജറ്റില്‍ പ്രത്യേക വിഹിതമുണ്ട്. കൂടാതെ ശമ്പളം, അലവന്‍സ്, സൈനിക നടപടികള്‍ക്കുള്ള വിഹിതം, ഭക്ഷണം, പരിപാലനം എന്നിവയ‍്ക്ക് പ്രത്യേക തുകയുമുണ്ട്. 2024–25 സാമ്പത്തിക വര്‍ഷത്തില്‍ 35,665 കോടിയായിരുന്നു കരസേനയുടെ ബജറ്റ് വിഹിതം. ഇത് 2023–24 സാമ്പത്തിക വര്‍ഷത്തെ 37,342 കോടി എന്ന ബജറ്റ് എസ‍്റ്റിമേറ്റിനേക്കാള്‍ കുറവായിരുന്നു.
2024–25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് എസ‍്റ്റിമേറ്റ് 2,14,577 കോടിയും വിഹിതം 1,91,320 കോടിയുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുതുക്കിയ എസ‍്റ്റിമേറ്റ് അനുസരിച്ച് 33,412 കോടി സേനയ‍്ക്ക് അനുവദിച്ചു. എന്നാല്‍ 28,613 കോടി മാത്രമാണ് ചെലവഴിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആയുധങ്ങളും വാഹനങ്ങളും അടക്കമുള്ളവ വാങ്ങുന്നതിന് 330 കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. അതില്‍ 278 എണ്ണവും ഇന്ത്യന്‍ കമ്പനികളുമായാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
വ്യോമസേനയില്‍ പൈലറ്റ് ക്ഷാമം
ആവര്‍ത്തിച്ചുണ്ടാകുന്ന സൈനിക വിമാനാപകടങ്ങള്‍ക്ക് പിന്നില്‍ വെെദഗ്ധ്യമുള്ള പെെലറ്റുമാരുടെ അഭാവവും കാരണമെന്ന് പാര്‍ലമെന്ററി സമിതി. വ്യോമസേനയിലെ പൈലറ്റ്-കോക്ക്പിറ്റ് അനുപാതം 1.25 ആയി കുറഞ്ഞിട്ടുണ്ട്. ഇത് യുഎസ് വ്യോമസേനയുടെ 3.1, പാകിസ്ഥാന്റെ 2.5 അനുപാതത്തില്‍ നിന്നും ഏറെ കുറവാണ്. ഇത് പരിഹരിക്കാന്‍ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് റിക്രൂട്ട്‌മെന്റും പരിശീലനവും വർധിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു.
2017 മുതല്‍ 2022 വരെ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ വ്യോമസേനയുമായി ബന്ധപ്പെട്ട് 34 വിമാനാപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മിഗ്-21, മിഗ്-29 വിമാനങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ അപകടങ്ങളും. സുഖോയ്, ഹെലികോപ്റ്ററുകൾ എന്നിവയും അപകടങ്ങളില്‍പ്പെടുന്നു. ഇവയില്‍ 23 എണ്ണവും മാനുഷികമായ പിഴവുകള്‍ കൊണ്ട് സംഭവിച്ചതാണ്. സാങ്കേതിക തകരാറും പക്ഷി ഇടിക്കുന്നതുള്‍പ്പെടെ മറ്റ് അപകടങ്ങള്‍ക്ക് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.