Site iconSite icon Janayugom Online

അർണോസ് പാതിരിയുടെ ഭവനം ജീര്‍ണ്ണാവസ്ഥയില്‍

മലയാളത്തിന്റെ സാംസ്‌കാരിക‑സാഹിത്യ മേഖലകളില്‍ അനശ്വര സംഭാവനകള്‍ നല്‍കിയ അര്‍ണോസ് പാതിരി വേലൂരില്‍ താമസിച്ചിരുന്ന ഭവനം ജീര്‍ണാവസ്ഥയില്‍. മൂന്നു നൂറ്റാണ്ട് മുമ്പ് നിര്‍മ്മിക്കപ്പെട്ട അര്‍ണോസ് പാതിരി വസതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. ഇപ്പോള്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലുള്ള അര്‍ണോസ് ഭവനത്തിന്റെ ജീര്‍ണ്ണാവസ്ഥയെക്കുറിച്ച് വേലൂരിലെ ജോണ്‍ കള്ളിയത്ത് പുരാവസ്തു വകുപ്പിന് പരാതി നല്‍കിയിരുന്നു.
പുരാവസ്തു ഉദ്യോഗസ്ഥന്‍മാര്‍ പലവട്ടം ഈ സംരക്ഷിത സ്മാരകം സന്ദര്‍ശിച്ചെങ്കിലും വസതിയുടെ കേടുപാടുകള്‍ തീര്‍ക്കുവാന്‍ കഴിഞ്ഞിട്ടില്ല. കോവിഡ് കഴിഞ്ഞശേഷം പുനഃരുദ്ധാരണ പ്രവര്‍ത്തനം നടത്തുമെന്ന് അറിയിച്ചിരുന്നു. പ്രധാന ഭീമുകളും തുലാനുകളും ചിതലരിച്ചതിനാല്‍ ആ ഭാഗം നിലംപതിക്കുന്ന സ്ഥിതിയാണ്. വികാരി ഫാ. റാഫേല്‍ താണിശേരിയുടെ പ്രത്യേക ശ്രമത്താല്‍ ചില ഭാഗങ്ങളില്‍ കുത്തുകള്‍ കൊടുത്ത് താങ്ങി നിര്‍ത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഏതാണ്ട് തകര്‍ന്നുവീഴാറായ സ്ഥിതിയിലാണ് ഈ പൈതൃക കേന്ദ്രം. കെട്ടിടത്തെ താങ്ങി നിര്‍ത്തുന്ന ഉത്തരങ്ങള്‍ ചിതലരിച്ച നിലയിലാണ്. എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികള്‍ നടത്തി കെട്ടിടം സംരക്ഷിക്കണമെന്ന് വികാരി റാഫേല്‍ താണിശ്ശേരി ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആര്‍ഷഭാരത സംസ്‌ക്കാരവും സംസ്‌കൃതഭാഷയും ശാസ്ത്രീയമായി യൂറോപ്യരെ പഠിപ്പിച്ച മഹാപണ്ഡിതനാണ് അര്‍ണോസ് പാതിരി. അര്‍ണോസ് പാതിരി തയ്യാറാക്കിയ ഗ്രമാറ്റിക്ക ഗ്രന്ഥോണിക്ക എന്ന സംസ്‌കൃത വ്യാകരണത്തിന്റെ കൈയെഴുത്തുപ്രതി ഈയിടെ റോമിലെ ഒരു പുരാതന ആശ്രമ ലൈബ്രററിയില്‍നിന്നും കണ്ടെടുത്ത് ജര്‍മനിയിലെ പോട്‌സ്ഡാം യൂണിവേര്‍സിറ്റി പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇരുന്നൂറ്റിഎണ്‍പത് ഫുള്‍സ്‌കേപ് പേജുകള്‍ വരുന്ന ഈ‑ബുക്ക് ആയി നമുക്ക് ലഭ്യമാണ്. സംസ്‌കൃതഭാഷയെ ചരിത്രത്തില്‍ ആദ്യമായി ലോകജനതയെ അറിയിച്ച അര്‍ണോസ് പാതിരിയുമായി ബന്ധപ്പെട്ട വേലൂരിലെ സ്മാരകങ്ങള്‍ യുനെസ്‌ക്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് അര്‍ണോസ് സ്മാരക സംരക്ഷണ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായ ജോണ്‍ കള്ളിയത്ത് ആവശ്യപ്പെട്ടു.

Exit mobile version