Site iconSite icon Janayugom Online

വൈബ് ഫോര്‍ വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍

‘ആരോഗ്യം ആനന്ദം — വൈബ് ഫോര്‍ വെല്‍നസ്‘എന്ന പേരില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ജനകീയ കാമ്പയിനില്‍ സംസ്ഥാനമാകെ പുതുവര്‍ഷത്തില്‍ മാത്രം പങ്കെടുത്തത് 10 ലക്ഷത്തോളം പേര്‍. ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്, വനിത ശിശു വികസന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചു.
വൈബ് ഫോര്‍ വെല്‍നസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലും, 5,416 ജനകീയാരോഗ്യ കേന്ദ്രങ്ങളിലും, യോഗ ക്ലബുകളിലും അങ്കണവാടികളിലും, രാവിലെ ഒമ്പത് മുതല്‍ വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിരുന്നു. വൈബ് ഫോര്‍ വെല്‍നസിലൂടെ നാല് മേഖലകളില്‍ ബോധവത്ക്കരണ പരിപാടികള്‍ക്കാണ് തുടക്കമിടുന്നത്. നല്ല ഭക്ഷണശീലം, വ്യായാമം പ്രോത്സാഹിപ്പിക്കല്‍, ഉറക്കവും വിശ്രമവും, മാനസിക സുസ്ഥിതി എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യവകുപ്പ് ജീവനക്കാരും ആയുഷ് വകുപ്പ് ജീവനക്കാരും തമ്മില്‍ സൗഹൃദ ക്രിക്കറ്റ് മത്സരം, സൈക്ലിങ്, സ്‌കേറ്റിങ് റാലി, സുംബ, യോഗ, എയറോബിക്‌സ്, സ്റ്റെപ് ഡാന്‍സ് മുതലായ ഗ്രൂപ്പ് എക്‌സര്‍സൈസുകള്‍, നല്ല ഭക്ഷണ രീതികള്‍ പരിചയപ്പെടുത്തുന്ന സെഷനുകള്‍, സൗജന്യ ഡയറ്റ് കൗണ്‍സിലിങ് സേവനങ്ങള്‍ എന്നി ഇനങ്ങള്‍ സംഘടിപ്പിച്ചു. മാനസികാരോഗ്യം, നല്ല ഉറക്കം, സ്ലീപ് ഹൈജിന്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകളും നടന്നു. 

Exit mobile version