Site iconSite icon Janayugom Online

നൂറനാട്പക്ഷിസങ്കേതത്തിൽ നാനൂറോളം നീർപക്ഷി കൂടുകൾ കണ്ടെത്തി

birdbird

ജില്ലയിലെ പ്രശസ്തമായ നൂറനാട് പക്ഷിസങ്കേതത്തിൽ  ഈ വർഷം നാനൂറോളം നീർപക്ഷി കൂടുകൾ  കണ്ടെത്തി.നൂറനാട് ഗ്രാമശ്രീ പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പഴകുളത്തിനു സമീപമുള്ള തെങ്ങിൻ താര ജഗ്ഷനിലും ചാരുംമൂട്ടിലെ റോഡരുകിലെ മരങ്ങളിലുമായി  നടത്തിയ സർവയിലാണ് ഈ കൂടുകൾ കണ്ടെത്തിയത്.1987 ൽ നൂറനാട്  നടത്തിയ പക്ഷി സർവയിൽ 2500 പക്ഷിക്കൂടുകൾ ഉണ്ടായിരുന്നു . ഇവിടെ കൂടൊരുക്കാനായി എത്തുന്ന നീർപക്ഷി കളുടെ എണ്ണത്തിൽ വലിയ കുറവാണിപ്പോൾ ഉണ്ടായിരിക്കുന്നത്.ജൂൺ മുതൽ ഒക്ടോബർ വരെയാണ് ഇവിടെ നീർപക്ഷികൾകൂടൊരുക്കാനെത്തുന്നത്. ജൂലൈ ‚സെപ്റ്റംബർ മാസങ്ങളിലായാണ് സർവെ നടന്നത്. കൊറ്റികളിൽ അപൂർവങ്ങളായ പെരും മുണ്ടിയും ഇടമുണ്ടിയും ഇവിടെ പതിവായ കൂടൊരുക്കുന്നുവെന്നത് ഈ പക്ഷി സങ്കേതത്തിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നു. കേരളത്തിൽ ആദ്യമായി പെരുമുണ്ടിയും ഇടമുണ്ടിയും കൂടൊരുക്കിയതായി കണ്ടെത്തിയത് 1987 ൽ നൂറനാട് പക്ഷി സങ്കേതത്തിലായിരുന്നു. ഇത് അന്താരാഷ്ട്ര പരിസ്ഥിതി മാഗസിനുകളിൽ രേഖപ്പെടുത്തുകയുണ്ടായി. സാലിം അലിയുടെ ബേർഡ്സ് ഓഫ് കേരള, ഇന്ദുചൂഡൻ്റ കേരളത്തിലെ പക്ഷികൾ എന്നി ആധികാരിക പക്ഷികളെ സംബന്ധിക്കുന്ന  പുസ്തകങ്ങളിൽ കേരളത്തിൽ കൂടൊരുക്കുന്നതായി പരാമർശിച്ചിട്ടില്ലാത്ത പക്ഷികളായിരുന്നു ഇവ രണ്ടും.ഇത്തവണ ഇവിടെ നിന്നു ഇടമുണ്ടിയുടെ 28 കൂടും പെരുമുണ്ടിയുടെ 35 കൂടുകളുമാണു കണ്ടെത്തിയത്. 2012 ൽ റെഡ് ഡേറ്റാ ബുക്കിൽ ഉൾപെട്ട ചേരക്കോഴികളുടെ ഏറ്റവും വലിയ സങ്കേതം അദിക്കാട്ടുകുളങ്ങരയിൽ നിന്നു സി.റഹിം കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ സർവയിൽ നീർകാക്കകളുടെ 315 കൂടുകൾ കണ്ടെത്തി.

ചേരക്കോഴിയുടെ 22 കൂടുകൾ കാണാൻ കഴിഞ്ഞു. മുംബൈ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ജേർണലിൽ നൂറനാട് പക്ഷി സങ്കേതത്തെക്കുറച്ചുള്ള പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരാശരി 7500 പക്ഷിക്കുഞ്ഞുങ്ങൾ ഇവിടെ നിന്നു കൊല്ലം തോറും വിരിഞ്ഞിറങ്ങി പോകുന്നുവെന്നാണ് അന്ന് കണക്കാക്കയിരുന്നത്. എന്നാൽ 2024 ൽ 1200 ൽ പരം പക്ഷിക്കുഞ്ഞുങ്ങളായി അതു ചുരുങ്ങി. മുമ്പ് ധാരാളമായി കൂടൊരുക്കിയിരുന്ന പാതിരാകൊക്ക്, ചിന്നമുണ്ടി എന്നിവയുടെ കൂടുകൾ  ഇപ്പോൾ നടത്തിയ സർവയിൽ കണ്ടെത്താൻ കഴിഞ്ഞില്ല.പക്ഷി നിരീക്ഷകരായ സി.ജി.അരുൺ  , സി.റഹിം എന്നിവരുടെ നേതൃത്വത്തിലാണ്  പക്ഷിസർവെ നടക്കുന്നത്. ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, വിദ്യാഭ്യാസ വിദഗ്ധനായ ഡോ. അച്ചുത് ശങ്കർ എന്നിവർ സർവയുടെ ഭാഗമായി.    കഴിഞ്ഞ ഫെബ്രുവരിയിൽ നൂറനാട്കരിങ്ങാലി പുഞ്ചയിൽ ഒരു ദിവസം നടത്തിയ പക്ഷി സർവേയിൽ  72  ജാതിയിൽപ്പെട്ട പക്ഷികളെ കണ്ടെത്തിയിരുന്നു പാലമേൽ നൂറനാട് പഞ്ചായത്തുകളിലായി ഫെബ്രുവരി നാലിനു നടത്തിയ പക്ഷി സർവേയിലാണ് ഇത്രയധികം പക്ഷി ജാതികളെ കണ്ടെത്തിയത്. ഏറ്റവും കൂടുതലായി കണ്ടത് നീർക്കാക്കകളെയാണ്. മുന്നൂറിൽപരം പക്ഷികൾ ഉണ്ടായിരുന്നു.കരിയാള എന്ന പക്ഷികൾ 129 എണ്ണത്തെ കണ്ടെത്തി.ദേശാടന പക്ഷികളായ പുള്ളിക്കാടക്കൊക്ക്,കരിമ്പൻ കാടക്കൊക്ക്,കുരുവി മണലൂതി, മഞ്ഞവാലുകുലുക്കി എന്നിവയുടെ വലിയ കൂട്ടത്തെയും സർവയിൽ രേഖപ്പെടുത്തി.പെരുമുണ്ടി, ഇടമുണ്ടി,ചിന്ന മുണ്ടി,കാലിമുണ്ടി എന്നീ നാലുജാതി മുണ്ടികളെയും കണ്ടെത്തുകയുണ്ടായി.

  വെള്ളക്കറുപ്പൻ പരുന്ത്, പാതിരക്കൊക്ക്,ചേരക്കോഴികളുടെ ഒരു സംഘം,താമരക്കോഴി, നീലക്കോഴി,പുള്ളി പൊന്മാൻ, കാക്ക പൊന്മാൻ,പൊന്മാൻ, ചെറിയ പൊന്മാൻ തുടങ്ങിയ പക്ഷികളുമുണ്ടായിരുന്നു. ഒരു ദിവസം നടത്തിയ കണക്കെടുപ്പിൽ  1670 പക്ഷികളെയാണ് അന്ന് കണ്ടെത്തിയത്.ഒരു വർഷം നീണ്ടു നിൽക്കുന്ന പക്ഷിസർവയുടെ പൂർണ്ണമായ റിപ്പോർട്ട് 2025 ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കും. പക്ഷി ഗ്രാമമെന്ന പേരിൽ പ്രസിദ്ധമായ നൂറനാട്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന വിശദമായപക്ഷി സർവെ നടത്തുന്നത് ഇതാദ്യമാണ്.ടെലിഫോട്ടോ ലെൻസുകളിൽ  പക്ഷി ചിത്രങ്ങളെടുത്തത്  പക്ഷികളെ വ്യക്തമായി തിരിച്ചറിയുന്നതിന് സഹായകരമായി.എം.എ.ലത്തീഫ്, ജോബി കട്ടേല,ഫൈറോസ് ബീഗം, സുമേഷ് വെള്ളറട ‚ദേവപ്രിയ ഗൗരി ചിറയിൻകീഴ്,അഞ്ചു കുമാരപുരം എന്നിവർ സർവയിൽ പങ്കെടുത്തു. ജെ.ഹാഷിം,യമുന ഹരീഷ്, അൻവർ സാദത്ത്,സുജിത സാദത്ത്,ഹരീഷ്,നൂറനാട് അജയൻ,രേഖ എസ്. താങ്കൾ,അമൽ റഹിം എന്നിവർ വിവിധ സർവേകൾക്കു നേതൃത്വം നൽകി. 

Exit mobile version