Site iconSite icon Janayugom Online

കേന്ദ്ര സര്‍ക്കാരിനും കശ്മീര്‍ ഭരണകൂടത്തിനും ഗുരുതര സുരക്ഷാ വീഴ്ച

ഗുജറാത്ത് സ്വദേശിയായ തട്ടിപ്പുകാരന്‍ കിരണ്‍ ഭായ് പട്ടേലിന്റെ അറസ്റ്റിലൂടെ പുറത്തുവന്നത് കേന്ദ്ര സര്‍ക്കാരിനും ജമ്മു കശ്മീര്‍ ഭരണകൂടത്തിനും ഉണ്ടായ ഗുരുതര സുരക്ഷാവീഴ്ച. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച കിരണ്‍ ഭായ് പട്ടേലിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയും യാത്രയ്ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനവും നല്കി. 2022 ഒക്ടോബര്‍ മുതല്‍ ഇതുവരെ മൂന്നുതവണയാണ് ഇയാള്‍ കശ്മീര്‍ സന്ദര്‍ശനം നടത്തിയത്. ഇതിനിടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും അതീവ സുരക്ഷാ കേന്ദ്രങ്ങള്‍ നിരവധി സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ സന്ദര്‍ശിക്കുകയും ചെയ്തു.

കേന്ദ്രസര്‍ക്കാരില്‍നിന്നും പ്രത്യേകിച്ച് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥന്‍ സന്ദര്‍ശിക്കുന്ന പക്ഷം ഔദ്യോഗിക അറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും പുറപ്പെടുവിക്കേണ്ടതുണ്ട്. ഇങ്ങനെ അറിയിപ്പുണ്ടായിരുന്നോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുകയാണ്. ഇല്ലെങ്കില്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീര്‍ ഭരണകൂടം വരുത്തിയത് രാജ്യസുരക്ഷയെ ‌ബാധിക്കുന്ന ഗുരുതരമായ വീഴ്ചയാണ്. വിഷയം പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെ വലിയ വിവാദമായേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിന് പാര്‍ലമെന്റില്‍ മറുപടി നല്‍കേണ്ടി വരും.

ഗുജറാത്തുകാരനായ ഒരാള്‍ നടത്തിയ തട്ടിപ്പ് തിരിച്ചറിയാന്‍ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗമായ ഐബി, ആര്‍മി ഇന്റലിജന്‍സ്, ജമ്മു കശ്മീര്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെടെയുള്ളവയ്ക്ക് കഴിയാതെ പോയത് അതീവ ഗൗരവമുള്ള വിഷയമാണ്. ആദ്യ സന്ദര്‍ശനം മുതല്‍ ഇയാള്‍ ചിത്രങ്ങളും യാത്രാ വിവരങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടും ഈ ഏജന്‍സികള്‍ ശ്രദ്ധിച്ചില്ലെന്നതും ദുരൂഹമാണ്. പട്ടേലിനൊപ്പം ഉണ്ടായിരുന്ന മൂന്നു കൂട്ടാളികള്‍ രക്ഷപ്പെട്ടതും സംശയാസ്പദമാണ്. അമിത് ഹിതേഷ് പാണ്ഡ്യ, ജയ് സിതാപര എന്നീ ഗുജറാത്തി സ്വദേശികളും രാജസ്ഥാന്‍ സ്വദേശിയായ ത്രിലോക് സിങ്ങുമാണ് മുങ്ങിയത്.

അങ്ങനെയെങ്കില്‍ അറസ്റ്റ് സംബന്ധിച്ച വിവരം ഇവര്‍ക്ക് നേരത്തെ ലഭിച്ചിരുന്നോ, വിവരം ആരാണ് ചോര്‍ത്തി നല്‍കിയത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളും നിലനില്‍ക്കുന്നു. പട്ടേലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ബിജെപി ബന്ധം അടിവരയിടുമ്പോള്‍ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്. തന്റെ ഭര്‍ത്താവ് തെറ്റായതൊന്നും ചെയ്യില്ലെന്ന് പട്ടേലിന്റെ ഭാര്യ മാലിനിയുടെ പ്രതികരണവും ഇതിനോടകം പുറത്തുവന്നു. അഹമ്മദാബാദ് സ്വദേശിയായ പട്ടേലിന് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസവും അതീവ സുരക്ഷയും ഏര്‍പ്പെടുത്തിയ കശ്മീര്‍ ഭരണകൂടത്തിന് ഉണ്ടായ വീഴ്ച മറച്ചുപിടിക്കാനുള്ള നീക്കങ്ങളാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് രണ്ടിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പട്ടേലിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിക്കായി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷമാണ് വിവരം പുറം ലോകം അറിയുന്നത്. പട്ടേലിനെ ചോദ്യം ചെയ്യാന്‍ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കശ്മീരിലെത്തിയിട്ടുണ്ട്. കശ്മീര്‍ പൊലീസിന്റെ ചോദ്യം ചെയ്യലിനു ശേഷമേ പട്ടേലിനെ ഗുജറാത്ത് എടിഎസിന് വിട്ടു നല്‍കൂ എന്നാണ് നിയമ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന അവകാശവാദം ഉന്നയിച്ച് ഭരണകൂടത്തെ മുഴുവന്‍ കബളിപ്പിക്കാന്‍ ഒരാള്‍ക്ക് കഴിയുമോ എന്ന ചോദ്യവും പ്രസക്തമാണ്. വിഷയത്തില്‍ ഭരണകൂടങ്ങള്‍ സ്വീകരിച്ചിരിക്കുന്ന മൗനം കൂടുതല്‍ സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു.

കിരണ്‍ ഭായ് പട്ടേലിന് ബിജെപിയുമായി അടുത്ത ബന്ധം

ന്യൂഡല്‍ഹി: കിരണ്‍ ഭായ് പട്ടേലിന് ബിജെപിയുമായി അടുത്ത ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും തെളിവുകളും സമൂഹമാധ്യമങ്ങളില്‍. ബിജെപിയെ പിന്തുണയ്ക്കുന്നയാളാണെന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പട്ടേല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടേലിന്റെ അക്കൗണ്ടിനെ പിന്തുടര്‍ന്നവരില്‍ വിഎച്ച്പി ഗുജറാത്ത് ഘടകത്തിന്റെ വക്താവ് ഹിതേന്ദ്ര സിന്‍ഹ് രജ്പുത് ഉള്‍പ്പെടെയുള്ള നേതാക്കളുമുണ്ട്. രാഹുല്‍ തലിയാമണിയെന്ന കണ്ടന്റ് ക്രിയേറ്റര്‍ പട്ടേലിന്റെ ബിജെപി അംഗത്വകാര്‍ഡും നമ്പറും നിരവധി ചിത്രങ്ങളും പങ്കുവച്ചതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈബ്സ് ഓഫ് ഇന്ത്യയുടെ സ്ഥാപകയായ ദീപല്‍ ത്രിവേദിയും പട്ടേലിന്റെ ബിജെപി ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രി മറുപടി പറയണം: ബിനോയ് വിശ്വം എംപി 

ന്യൂഡല്‍ഹി: തികച്ചും സംശയാസ്പദമായ ഒരു കഥാപാത്രത്തിന് കശ്മീരിലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള പ്രദേശങ്ങളിൽ എങ്ങനെ കടന്നുകയറാൻ കഴിഞ്ഞുവെന്നതിന് രാജ്യത്തോട് ഉത്തരം പറയാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ബാധ്യസ്ഥനാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. തന്റെ എല്ലാ നിഗൂഢ ഇടപാടുകൾക്കും ഗുജറാത്ത് സ്വദേശിയായ കിരൺ ഭായ് പട്ടേലിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പേര് എളുപ്പത്തില്‍ ഉപയോഗിക്കുവാന്‍ സാധിച്ചതെങ്ങനെയെന്നതിനും വിശദീകരണം ആവശ്യമാണെന്ന് ബിനോയ് വിശ്വം ട്വിറ്ററില്‍ കുറിച്ചു.

Eng­lish Sum­ma­ry: Arrest of Kiran Bhai Patel
You may also like this video

Exit mobile version