പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പ്രാചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുള്ള ധീരജ് വധക്കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിക്ക് അറസ്‌റ്റ് വാറണ്ട്. കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ തീരുമാനിച്ച ദിവസം ഹാജരാക്കാത്തതിനെ തുടർന്നാണ് തൊടുപുഴ കോടതി അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിടണമെന്നാണ് പൊലീസിനോട് നിർദ്ദേശിച്ചിരിക്കുന്നത്. കുറ്റപത്രം വായിക്കാനായി കേസ് ഒക്ടോബർ നാലിലേക്ക് മാറ്റിവച്ചു.
നിഖില്‍ പൈലി തന്റെ പ്രചാരണത്തിന് വന്നിട്ടുണ്ടെന്ന കാര്യം തനിക്ക് അറിയില്ലെന്നാണ് ചാണ്ടി ഉമ്മന്‍ നേരത്തെ പ്രതികരിച്ചത്. എന്നാല്‍ ഇരുവരുമുള്ള ഫോട്ടോസും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. നിഖില്‍ പുതുപ്പള്ളിയില്‍ വന്നില്ലെന്നും ഫോട്ടോസ് മറ്റേതോ സ്ഥലത്തേതാണെന്നും പിന്നീടും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.
അതേസമയം, വാടിക്കല്‍ രാമകൃഷ്‌ണന്‍ കൊലപാതക കേസിലെ ഒന്നാം പ്രതിയാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് വരാമെങ്കില്‍ തനിക്കും പങ്കെടുക്കാമെന്നായിരുന്നു നിഖിലിന്റെ പ്രതികരണം. പുതുപ്പള്ളിയില്‍ താന്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചുള്ള നിഖിലിന്റെ പ്രസ്താവനയെക്കുറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇതുവരെ പ്രതികരിച്ചിട്ടില്ല.
English Sammury: Dheeraj murder case: Arrest warrant for first accused Nikhil Paily