Site icon Janayugom Online

ശക്തമായ പാസ്പോര്‍ട്ട് യുഎഇയുടേത്, ഇന്ത്യക്ക് 69-ാം സ്ഥാനം

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടിന്റെ സൂചികയില്‍ ഇന്ത്യയ്ക്ക് 69ാം സ്ഥാനം. യുഎഇയാണ് ഒന്നാമത്. 193 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ആഗോള പൗരത്വ, സാമ്പത്തിക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ആര്‍ട്ടന്‍ കാപിറ്റലാണ് പട്ടിക പുറത്തുവിട്ടത്. സൂചിക അനുസരിച്ച് ഇന്ത്യക്കാര്‍ക്ക് 24 രാജ്യങ്ങളില്‍ വിസയില്ലാതെ സന്ദര്‍ശിക്കാം. 48 രാജ്യങ്ങളിലെത്തി വിസയെടുക്കാന്‍‍ കഴിയും. 126 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമാണ്. ഗാംബിയ, ഘാന, ഉസ്ബെക്കിസ്ഥാന്‍, ടാന്‍സാനിയ എന്നിവയാണ് ഇന്ത്യയോടൊപ്പമുള്ള മറ്റ് രാജ്യങ്ങള്‍. യുഎഇ പാസ്പോര്‍ട്ട് ഉപയോഗിച്ച് 121 രാജ്യങ്ങള്‍ വിസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയും. 59 രാജ്യങ്ങളിലെത്തിയാല്‍ വിസയെടുക്കാന്‍ കഴിയും.

18 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ മാത്രമാണ് വിസ ആവശ്യമായി വരുക. സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍, ക്രൗഡ്സോഴ്സിങ്, വിശ്വാസയോഗ്യമായ വൃത്തങ്ങളില്‍ നിന്നുള്ള ഗവേഷണവിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സൂചിക തയാറാക്കുന്നത്. ജര്‍മ്മനി, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ലക്സംബര്‍ഗ്, സ്പെയിന്‍, ഫ്രാന്‍‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ പത്ത് യൂറോപ്യന്‍ രാജ്യങ്ങളും ദക്ഷിണ കൊറിയയുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഡന്മാര്‍ക്ക്, ബെല്‍ജിയം, പോര്‍ച്ചുഗല്‍, നോര്‍വെ, പോളണ്ട്, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും മൂന്നാം സ്ഥാനത്താണ്. 97ാമതുള്ള അഫ്ഗാനിസ്ഥാനാണ് ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ടുള്ള രാജ്യം. മഹാമാരിക്ക് ശേഷമുള്ള യാത്രകള്‍ പ്രയാസമേറിയതാണെങ്കിലും ആഗോള തലത്തില്‍ യാത്രകള്‍ വര്‍ധിക്കുകയും പാസ്പോര്‍ട്ടിന്റെ മൂല്യം ഉയരുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷവും ഇതുതുടര്‍ന്നേക്കുമെന്നും ആര്‍ട്ടന്‍ അറിയിച്ചു.

Engilsh Sam­mury: Arton Capital’s Pass­port Index 2022 was released recent­ly to rank the world’s strongest. india rat­ing at 69th

Exit mobile version