Site iconSite icon Janayugom Online

അരുണാചല്‍പ്രദേശില്‍ മരിച്ച മലയാളികള്‍ ദുര്‍മന്ത്രവാദം നടത്തിയെന്ന് സംശയം: പുനര്‍ജനിയില്‍ അംഗമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ആയുർവേദ ഡോക്ടർമാരായ മലയാളി ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ദേവി മാധവൻ (39), ഭർത്താവും കോട്ടയം മീനടം സ്വദേശിയുമായ നവീൻ തോമസ് (39), ഇവരുടെ സുഹൃത്തും തിരുവനന്തപുരം മേലേത്തുമല സ്വദേശിനിയുമായ ആര്യ (29) എന്നിവരെയാണ് ഇന്നലെ രാവിലെ 10.30 ഓടെ ഇറ്റാനഗറിനടുത്തുള്ള സിറോയിലെ ഹോട്ടൽ മുറിയിൽ കൈഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവന്റെയും അധ്യാപിക ലതയുടെയും മകളാണ് ദേവി മാധവന്‍. കോട്ടയം മീനടം എൻ എ തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകനാണ് നവീൻ. ഹോട്ടൽ ജീവനക്കാരെത്തി മുറികൾ തുറന്നപ്പോഴാണ് രക്തംവാർന്ന് മൂവരും മരിച്ചതായി കണ്ടത്. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു’ എന്നെഴുതിയ ആത്മഹത്യാ കുറിപ്പ് മൃതദേഹങ്ങള്‍ക്ക് അരികിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ ബന്ധുക്കളെ വിളിക്കാനുള്ള നമ്പര്‍ എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇറ്റാനഗര്‍ പൊലീസ് ബന്ധുക്കളെ മരണ വിവരം അറിയിച്ചത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ഫ്രഞ്ച് അധ്യാപികയായിരുന്നു ആര്യ. ഹിന്ദുസ്ഥാൻ ലാറ്റക്സ് ജീവനക്കാരനും മേലേത്തുമല സ്വദേശിയുമായ അനിൽകുമാറിന്റെയും മഞ്ജുവിന്റെയും മകളാണ്. കഴിഞ്ഞ മാസം 27നാണ് വീട്ടുകാരെ അറിയിക്കാതെ ഇറങ്ങിപ്പോയത്. ആര്യയെ ഫോണിലും കിട്ടാതെ വന്നതോടെ ബന്ധുക്കൾ വിവരം പൊലീസിൽ അറിയിച്ചു. വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ആര്യ സുഹൃത്തായ ദേവിക്കും ഭര്‍ത്താവ് നവീനും ഒപ്പമുണ്ടെന്ന് കണ്ടെത്തി.
ആയുർവേദ ഡോക്ടറായ ദേവി കോവിഡിന് മുമ്പ് ഇവിടെ ജര്‍മ്മൻ ഭാഷ പഠിപ്പിച്ചിരുന്നു. അങ്ങനെയാണ് ആര്യയുമായി പരിചയത്തിലാകുന്നത്. 27ന് മൂവരും തിരുവനന്തപുരത്തുനിന്നും വിമാന മാര്‍ഗം ഗുവാഹട്ടിയിലേക്ക് പോയതായി കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അസം പൊലീസ് മേധാവിയെ വിവരം അറിയിച്ചിരുന്നു. മീനടത്തെ നവീന്റെ വീട്ടിലെത്തി പൊലീസ് വിവരങ്ങൾ അന്വേഷിച്ചപ്പോൾ നവീനും ദേവിയും അരുണാചൽ പ്രദേശിൽ വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞ് മാർച്ച് 17ന് ഇറങ്ങിയതായി വിവരം ലഭിച്ചിരുന്നു.
മൂവരും ബ്ലാക്ക് മാജിക്കില്‍ ആകൃഷ്ടരായിരുന്നുവെന്നും മരണാനന്തര ജീവിതത്തെപ്പറ്റി ഇന്റര്‍നെറ്റിൽ പരിശോധിച്ചതായും മൊബൈൽ ഫോണുകളിൽ നിന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരണാനന്തരം എന്തു സംഭവിക്കും, മരണാനന്തരം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, മരണത്തിനുശേഷമുള്ള ആധ്യാത്മിക കാര്യങ്ങൾ എന്നിവയാണ് ഇവർ ഗൂഗിളിൽ തിരഞ്ഞതെന്ന് പൊലീസ് പറയുന്നു.
മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കളും അന്വേഷണത്തിന്റെ ഭാഗമായി വട്ടിയൂർക്കാവ് പൊലീസും ഇന്ന് ഇറ്റാനഗറിലേക്ക് പോകും.

Eng­lish Sum­ma­ry: Arunachal Pradesh dead Malay­alees sus­pect­ed of prac­tic­ing witchcraft

You may also like this video

Exit mobile version