Site iconSite icon Janayugom Online

സമ്പദ്‍വ്യവസ്ഥ തകര്‍ച്ചയിലെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍

രാജ്യത്തെ സമ്പദ്‍വ്യവസ്ഥ എല്ലാ മേഖലയിലും തകര്‍ന്നെന്ന് മോഡിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം. സാമ്പത്തികമേഖല മാന്ദ്യത്തിന്റെ പിടിയിലാണെന്നും ഇത് ഹ്രസ്വകാലം കൊണ്ട് അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കേന്ദ്രബജറ്റിന് 48 മണിക്കൂര്‍ മുമ്പുള്ള തന്റെ മുന്‍സഹചാരിയുടെ പ്രസ്താവന നരേന്ദ്ര മോഡിയെയും സര്‍ക്കാരിനെയും വെട്ടിലാക്കി. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ നയങ്ങളും ആസൂത്രണപരിപാടികളും അടിമുടിമാറ്റേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2014 മുതല്‍ 18 വരെ പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അരവിന്ദ് സുബ്രഹ്മണ്യം. നിലവില്‍ വാഷിങ്ടണ്‍ ഡിസി പീറ്റേഴ‍്സണ്‍ ഇന്‍സ‍്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക‍്സിലെ സീനിയര്‍ ഫെലോയാണ്.

സമ്പദ്‍വ്യവസ്ഥ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി പ്രശ്നമാണ്. സാമ്പത്തിക വളര്‍ച്ചയും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന് ചില പ്രത്യേക കമ്പനികളെയോ വ്യവസായങ്ങളെയോ അനുകൂലിക്കുന്ന സര്‍ക്കാര്‍ നയം, ഭരണകൂടത്തെ എല്ലാത്തരത്തിലും ആയുധമാക്കുന്ന രീതി, സംരക്ഷണവാദ നയം എന്നീ കാര്യങ്ങളിലാണ് ഏറ്റവും പ്രധാനമായും മാറ്റം വരേണ്ടത്. നയങ്ങള്‍ അടിമുടി മാറണം. നിലവിലെ രീതികള്‍ ഗുണകരമല്ലെന്ന് അംഗീകരിക്കണം.
പുനര്‍വിചിന്തനം ചെയ്തില്ലെങ്കില്‍ 2047ഓടെ മോഡി സ്വപ്നം കാണുന്ന വികസിത് ഭാരത് യാഥാര്‍ത്ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. 5,000 ഡോളര്‍ പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യമാകുന്നതിന് മുമ്പ് ഇന്ത്യ പഴയ രീതിയിലേക്ക് മാറുമെന്നതാണ് താന്‍ കാണുന്ന യഥാര്‍ത്ഥ അപകടം. നിലവില്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുവാനം 2,500 മുതല്‍ 2,600 ഡോളര്‍ വരെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Exit mobile version