Site iconSite icon Janayugom Online

ആശാ വര്‍ക്കര്‍മാരുടെ സമരം: ചര്‍ച്ചയില്‍ തീരുമാനമായില്ല

ആശാവർക്കർമാരുമായി സര്‍ക്കാര്‍ ഇന്ന് നടത്തിയ ചർച്ചയിലും തീരുമാനമായില്ല. വേതന വര്‍ധനയെ കുറിച്ച് പഠിക്കുന്നതിനായി ഐഎഎസ് ഓഫിസര്‍ കണ്‍വീനറും ധന, ആരോഗ്യ, തൊഴില്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ അംഗങ്ങളുമാക്കി മൂന്നംഗ സമിതിയെ നിയോഗിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമരസമിതിയെ അറിയിച്ചു. മന്ത്രിയുടെ നിര്‍ദേശം ട്രേഡ് യൂണിയനുകളായ എഐടിയുസി, സിഐടിയു, ഐഎൻടിയുസി, എസ്‍ടിയു എന്നിവ അംഗീകരിച്ചു. എന്നാല്‍, തങ്ങള്‍ക്ക് ഇത് സ്വീകാര്യമല്ലെന്ന് സമരം ചെയ്യുന്ന കേരള ആശ ഹെൽത്ത്‌ വർക്കേഴ്‌സ്‌ അസോസിയേഷൻ പ്രതിനിധികള്‍ വ്യക്തമാക്കി. 

ആശാ പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ ഇൻഷുറൻസ് നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കാമെന്നും തങ്ങളുടേതല്ലാത്ത അധികജോലികള്‍ ചെയ്യിക്കുന്നത് ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സമരക്കാര്‍ ഇതിന് വഴങ്ങിയില്ല. ഇതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. ആർ സജിലാൽ, കേരള സ്റ്റേറ്റ് ആശ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജി ചെറിയാൻ, ജനറൽ സെക്രട്ടറി ജയ രാജേന്ദ്രൻ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

അതേസമയം, സമിതിയെ നിയോഗിക്കുന്നതിനോട് യോജിപ്പില്ലെന്ന് സമരസമിതി നേതാവ് മിനി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഓണറേറിയം 7000 രൂപയില്‍ നിന്ന് 10,000 രൂപയാക്കിയ ശേഷം സമിതിയെ നിയോഗിച്ചാല്‍ അംഗീകരിക്കാമെന്നും അവര്‍ വ്യക്തമാക്കി. സമിതിയെ നിയോഗിക്കാതെയാണല്ലോ ഓണറേറിയം 1000 രൂപയില്‍ നിന്ന് ഇടതുസര്‍ക്കാര്‍ 7000 ആക്കിയതെന്നും മിനി ചോദിച്ചു. 

Exit mobile version