ചരിത്ര പ്രസിദ്ധമായ വൈക്കത്ത് അഷ്ടമിക്ക് കൊടിയേറി. ഇന്ന് രാവിലെ 8നും 8.45നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് അഷ്ടമി ആഘോഷത്തിനു കൊടിയേറ്റിയത്.
വൃശ്ചികമാസ കൃഷ്ണപക്ഷത്തിലെ അഷ്ടമിയാണ് വൈക്കത്ത് അഷ്ടമി എന്ന് അറിയപ്പെടുന്നത്
വെള്ളി വിളക്കുകളും രണ്ട് സ്വർണ്ണക്കുടകളും വാദ്യമേളങ്ങളും മുത്തുക്കുടകളും ഗജവീരൻമാരും വൈക്കം മഹാദേവരുടെ തൃക്കൊടയേറ്റിന് അകമ്ബടിയായി. കൊടിയേറ്റിന് ശേഷം കൊടിമരച്ചുവട്ടിലെ കെടാവിളക്കിലും കലാമണ്ഡപത്തിലും ദീപം തെളിയിച്ചു. കൊടിയേറ്റിന് ശേഷം അഷ്ടമിയുടെ ആദ്യ ശ്രീബലി നടന്നു. രാത്രി 9ന് കൊടിപ്പുറത്ത് വിളക്കും ഉണ്ടാവും. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തർക്കായി നാലു ഗോപുര നടകളും രാപ്പകല്‍ തുറന്നിടും. ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഊട്ടുപുരയോട് ചേർന്ന് വൈദ്യുതി ദീപാലങ്കാരങ്ങളോടെ താല്‍ക്കാലിക അലങ്കാര പന്തല്‍ ഒരുക്കുന്നുണ്ട്. ഇവിടെ പോലിസ് കണ്‍ട്രോള്‍ റൂമും കുടിവെള്ള കേന്ദ്രവും പ്രാതലില്‍ പങ്കെടുക്കുവാൻ എത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനു ബാരക്കോഡും സ്ഥാപിക്കും. ക്ഷേത്രത്തില്‍ എത്തുന്ന അയ്യപ്പ ഭക്തർക്ക് വിരിവയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
ദേവസ്വം ബോർഡിന്റെ പ്രാതല്‍ ഏഴാം ഉത്സവ ദിനമാണ് ആരംഭിക്കുക.അഷ്ടമി നാളില്‍ 121 പറ അരിയുടെ പ്രാതലാണ് ഒരുക്കുന്നത്. അഞ്ച്, ആറ്, എട്ട് , പതിനൊന്ന് ഉല്‍സവ ദിവസങ്ങളില്‍ ഉച്ചക്ക് 12ന് നടക്കുന്ന ഉത്സവബലി, ആറാം ഉത്സവ നാളില്‍ ഉദയനാപുരം ക്ഷേത്രത്തിലെ ആറാട്ടിന്റെ ഭാഗമായി രാത്രി 11ന് കൂടിപ്പൂജ, ഏഴാം ഉത്സവ ദിനത്തില്‍ രാവിലെ 8 നടക്കുന്ന ശ്രീബലി, രാത്രി 11 ന് നടക്കുന്ന ഋഷഭവാഹനമെഴുന്നള്ളിപ്പ് പത്താം ഉത്സവ നാളില്‍ രാവിലെ 10ന് നടക്കുന്ന വലിയ ശ്രീബലി, രാത്രി 11 ന് നടക്കുന്ന വലിയ വിളക്ക്, വൈക്കത്തഷ്ടമി ദിനത്തില്‍ രാവിലെ 4.30 ന് നടക്കുന്ന അഷ്ടമി ദർശനം, 11 ന് പ്രാതല്‍, രാത്രി 10 ന് അഷ്ടമി വിളക്ക്,ഉദയനാപുരത്തപ്പന്റെ വരവ്, ദേശദേവതമാരുടെ എഴുന്നള്ളത്ത്, വലിയ കാണിക്ക സമർപ്പിക്കാൻ കറുകയില്‍ കയ്മളുടെ വരവ്, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് എന്നിവയെല്ലാം അഷ്ടമിയുടെ പ്രധാനവും ആകർഷകവുമായ ചടങ്ങുകളാണ്.