Site iconSite icon Janayugom Online

ഒന്നര വർഷത്തെ ശമ്പള കുടിശ്ശിക ചോദിച്ചു; ആലപ്പുഴയിൽ യുവതിക്ക് ക്രൂര മർദ്ദനം

വീട്ടു ജോലി ചെയ്യുന്ന വീട്ടിൽ നിന്നും ഒന്നര വർഷത്തെ ശമ്പള കുടിശ്ശികയായ 76,000 രൂപ ചോദിച്ചതിൻറെ പേരിൽ യുവതിക്ക് ക്രൂര മർദ്ദനം. ആലപ്പുഴയിലെ ഹരിപ്പാടാണ് ഞെട്ടിക്കുന്ന സംഭവം. കരുവാറ്റ സ്വദേശിനിയായ രഞ്ചി മോൾ(37) ആണ് മർദ്ദനത്തിന് ഇരയായത്. താമല്ലാക്കൽ ഗുരുകൃപ വീട്ടിൽ സൂരജ്, പിതാവ് ചെല്ലപ്പൻ എന്നിവരാണ് യുവതിയെ മർദ്ദിച്ചത്. ഇതിൻറെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഹരിപ്പാട് പൊലീസ് ഇരുവർക്കുമെതിരെ കേസെടുക്കുകയായിരുന്നു.

ഒന്നര വർഷം ചെല്ലപ്പൻറെ മകളുടെ വീട്ടിൽ രഞ്ചി മോൾ വീട്ടുജോലി ചെയ്തിരുന്നു. എന്നാൽ ശമ്പള കുടിശ്ശിക 76,000 രൂപ കിട്ടാനുണ്ടായിരുന്നു. ഇത് ലഭിക്കാത്തതിനാൽ രഞ്ജി മോൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൻറെ വിരോധമാണ് മർദ്ദനത്തിന് കാരണം. നിലവിൽ താമല്ലാക്കലിൽ ഒരു ബേക്കറിയിൽ ജോലി ചെയ്യുന്ന യുവതിയെ അവിടെ നിന്നും വിളിച്ചിറക്കിയാണ് പ്രതികൾ മർദ്ദിച്ച് അവശയാക്കിയത്.

ബേക്കറിയിൽ നിന്ന് രഞ്ചി മോളെ പുറത്തേക്ക് വിളിച്ച ശേഷം ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയും തറയിലൂടെ വലിച്ചിഴയ്ക്കുകയുമായിരുന്നു. കടയിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യുവതിയെ വീണ്ടും വലിച്ച് താഴേക്കിട്ട് മർദ്ദിക്കുകയായിരുന്നു. രഞ്ചി മോൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Exit mobile version