Site iconSite icon Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പ്; ഉത്തരേന്ത്യന്‍ മോഡല്‍ പരീക്ഷണവുമായി ബിജെപി

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യന്‍ മോഡല്‍ പരീക്ഷണങ്ങള്‍ വ്യാപിപ്പിക്കാനൊരുങ്ങി ബിജെപി. വിജയിച്ചുവരുന്ന കോണ്‍ഗ്രസുകാരെ ചാക്കിട്ടുപിടിച്ച് വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിയ ചരിത്രമുള്ള ബിജെപി, കേരളത്തില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പരീക്ഷണം വിജയമായതിന്റെ ആഹ്ലാദത്തിലാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടത്തും ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ബിജെപിയെ സഹായിച്ചത് കോണ്‍ഗ്രസാണെന്നത് വോട്ടുകണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇടതുപക്ഷ വിരുദ്ധത മാത്രം കൈമുതലാക്കിയ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് തന്നെ ബിജെപിയിലേക്ക് ഒലിച്ചുപോകുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തൃശൂര്‍ ജില്ലയിലെ മറ്റത്തൂരില്‍ കണ്ടത്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്കളില്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് അവകാശവാദം മുഴക്കുമെങ്കിലും, കേരളത്തിലെ മതനിരപേക്ഷ മനസ് അനുകൂലമാകില്ലെന്ന് ബിജെപിക്ക് ഉറപ്പുണ്ട്. അതിനാലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ അവര്‍ കോണ്‍ഗ്രസുമായി രഹസ്യനീക്കുപോക്കുണ്ടാക്കിയത്. ഇതിലൂടെ പലയിടത്തും ബിജെപിക്ക് കൂടുതല്‍ സീറ്റ് നേടാനും ചിലയിടങ്ങളില്‍ ഭരണത്തിലെത്താനും സാധിച്ചു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് മാത്രം പോരെന്ന തിരിച്ചറിവിലാണ് ഉത്തരേന്ത്യന്‍ മോഡല്‍ അട്ടിമറിക്ക് ബിജെപി കച്ചകെട്ടുന്നത്.
എസ്ഐആറിലൂടെ അവര്‍ ലക്ഷ്യമിടുന്ന പല മണ്ഡലങ്ങളിലും പതിനായിരക്കണക്കിന് വോട്ടുകളാണ് കാണാതായിരിക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും അധികാരം നിലനിര്‍ത്താന്‍ സഹായിച്ച ഈ മോഡല്‍ കേരളത്തിലും നടപ്പിലാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വഴി ബിജെപിയുടെ ശ്രമം. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാരും ഇടതുപക്ഷവും ശക്തമായ നിലപാട് സ്വീകരിക്കുകയും, അര്‍ഹരായ ഒരാളുടെ വോട്ട് പോലും നഷ്ടമാകില്ലെന്ന് ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ തന്ത്രം പാളുമെന്ന് ഉറപ്പായ ബിജെപി ഇപ്പോള്‍ കോണ്‍ഗ്രസിനെ ചാക്കിട്ടുപിടിക്കാനുള്ള നീക്കങ്ങള്‍ക്കാണ് തുടക്കമിടുന്നത്.
ഇതിനുള്ള പരീക്ഷണശാലയാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ കൂറുമാറ്റം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിപ്പ് നൽകിയെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് കൂറുമാറിയ അംഗങ്ങൾ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി ജില്ലാ നേതൃത്വത്തിന്റെയും ഡിസിസിയുടെയും അറിവോടെയാണ് ഒരുരാത്രി കൊണ്ട് കോൺഗ്രസ് ബിജെപിയായി മാറിയതെന്നതിനുള്ള സൂചനകളാണ് പുറത്തുവരുന്നത്.
നേരത്തെ അരുണാചല്‍ പ്രദേശിലും ഗോവയിലും പുതുച്ചേരിയിലുമെല്ലാം കുതിരക്കച്ചവടം നടത്തിയതിന്റെ ഊര്‍ജത്തിലാണ് ബിജെപി കേരളത്തിലും കോണ്‍ഗ്രസുകാരെ ലക്ഷ്യമിടുന്നത്. 30 സീറ്റുകള്‍ കിട്ടിയാല്‍ തങ്ങള്‍ കേരളം ഭരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റായിരിക്കെ കെ സുരേന്ദ്രന്‍ പരസ്യമായി പറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി അത് തെളിയിച്ചിട്ടുണ്ടെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയത്.
ബിജെപിയുമായി തൊട്ടുകൂടായ്മയില്ലാത്തവരാണ് കേരളത്തിലെ മിക്ക കോണ്‍ഗ്രസ് നേതാക്കളുമെന്നത് അവര്‍ക്ക് സഹായമാകും. ജനങ്ങൾക്ക് വേണ്ടാത്ത ബിജെപിയെ, വോട്ട് ചെയ്ത് പരാജയപ്പെടുത്തിയ ബിജെപിയെ വിജയത്തിൽ കൊണ്ടെത്തിക്കുന്ന ഉത്തരേന്ത്യൻ രീതിയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസും എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Exit mobile version