Site iconSite icon Janayugom Online

നിയമസഭാ സമ്മേളനം ഡിസംബർ 5 മുതൽ

നിയമസഭാ സമ്മേളനം ഡിസംബർ അഞ്ച് മുതൽ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിലെ സബോര്‍ഡിനേറ്റ് സര്‍വീസ് ജീവനക്കാര്‍ക്കുള്ള ദീര്‍ഘകാല കരാര്‍ നടപ്പാക്കിയതിലെ അപാകത പരിഹരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

മന്ത്രിസഭയുടെ മറ്റുതീരുമാനങ്ങള്‍ ഇങ്ങനെ- ഹൈക്കോടതി ജഡ്ജിമാരുടെ ഔദ്യോഗിക ആവശ്യത്തിനായി നാല് പുതിയ ഇന്നോവാ ക്രിസ്റ്റ കാറുകള്‍ വ്യവസ്ഥകള്‍ക്കു വിധേയമായി വാങ്ങുന്നതിന് അനുമതി നല്‍കി. സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ വൈസ് ചെയര്‍പേഴ്‌സണന്റെ സാമ്പത്തിക ഉപദേഷ്ടാവ് തസ്തിക കോ-ടെര്‍മിനസ് വ്യവസ്ഥയില്‍ സൃഷ്ടിക്കും. കേന്ദ്ര സര്‍ക്കാരില്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടറായ എം.ടി സിന്ധുവിനെ മൂന്നു വര്‍ഷത്തേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമിക്കും. സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയുടെ പേരും യോഗ്യതയും ഭേദഗതി വരുത്തിയത്, നിലമ്പൂര്‍ ബഡ്‌സ് സ്‌കൂള്‍ ഫോര്‍ ദി ഹിയറിംഗ് ഇംപയേര്‍ഡ് സ്‌കൂളില്‍ സൃഷ്ടിച്ച സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയ്ക്കും ബാധകമാക്കും.

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ ജീവനക്കാര്‍ക്ക് ഏഴാം ശമ്പളപരിഷ്‌ക്കരണം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവില്‍ ഭാഗിക ഭേദഗതി വരുത്തി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു. മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ അക്കാദമിക് — നോണ്‍ അക്കാദമിക് ജീവനക്കാര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഏഴാം ശമ്പളപരിഷ്‌ക്കരണം അനുവദിക്കും. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള തരംമാറ്റത്തിനുള്ള അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കലിനായി നിയമിച്ച താത്ക്കാലിക ജീവനക്കാരുടെ സേവനം ദീര്‍ഘിപ്പിക്കും. 179 ദിവസം കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഒരു ദിവസത്തെ ഇടവേള നല്‍കി 179 ദിവസത്തേക്കു കൂടിയാണ് ദീര്‍ഘിപ്പിക്കുക.

Eng­lish Summary:Assembly ses­sion from Decem­ber 5
You may also like this video

Exit mobile version