Site iconSite icon Janayugom Online

എടിസിയില്‍ ജീവനക്കാരും പരിശീലനവുമില്ല; വ്യോമയാന മേഖലയില്‍ വന്‍ സുരക്ഷാ ഭീഷണി

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി ) ജീവനക്കാരുടെ കടുത്ത ക്ഷാമം വ്യോമയാന മേഖലയില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു. രാജ്യമാകെയുള്ള വിമാന സര്‍വീസുകളെ എടിസി ഉദ്യോഗസ്ഥരുടെ ക്ഷാമം പ്രതികൂലമായി ബാധിക്കുന്നതായി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ (എഎഐ) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടൊപ്പം എടിസി ഉദ്യോഗസ്ഥരുടെ പരിശീലനം ഗണ്യമായി കുറയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്രയിലെ നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, യുപി നോയിഡയിലെ ജീവാര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവ കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ ജീവനക്കാരുടെ കുറവ് വീണ്ടും സുരക്ഷാ ഭീഷണി വര്‍ധിപ്പിക്കും. രാജ്യമാകെ ആകെ 5,337 എടിസി ഉദ്യോഗസ്ഥരാണ് നിലവില്‍ ജോലി ചെയ്യുന്നത്. 1,613 ഒഴിവുകള്‍ ഇപ്പോഴും നികത്താതെ അവശേഷിക്കുകയാണ്. പുതിയ വിമാനത്താവളങ്ങളും സര്‍വീസുകളും ആരംഭിക്കുന്നതോടെ ജീവനക്കാരുടെ ആവശ്യകത 8,000 ആയി വര്‍ധിക്കും. ഈ സ്ഥിതിവിശേഷം വിമാന യാത്രക്കാരുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തും. നിലവിലുള്ള ജീവനക്കാരുടെ ജോലി സമ്മര്‍ദം വര്‍ധിക്കാനും ഇത് വഴിതെളിക്കുമെന്ന് എഎഐയിലെ ഉന്നത എടിസി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. 

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എടിസി ഉദ്യോഗര്‍ക്കായി ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റ് പരിധി (എഫ്ഡിടിഎല്‍ ) ഏര്‍പ്പെടുത്തിയത് 2019 ല്‍ മാത്രമായിരുന്നു. അതിനുമുമ്പ് ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് പോലും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു റോളിൽ എടിസികൾ അധിക മണിക്കൂറുകൾ ജോലി ചെയ്തിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എയർ നാവിഗേഷൻ സർവീസസ്, കമ്മ്യൂണിക്കേഷൻ നാവിഗേഷൻ സർവീസസ് എന്നിവയാണ് എടിസി സേവനങ്ങളുടെ രണ്ട് പ്രധാന വിഭാഗങ്ങൾ. വിമാന ചലനങ്ങൾ, ആശയവിനിമയം, നാവിഗേഷൻ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് ഈ രണ്ട് വിഭാഗങ്ങളും ഏകോപനത്തിൽ പ്രവർത്തിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ഇതിനാവശ്യമായ ജീവനക്കാരുടെ കുറവ് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 

സര്‍ക്കാര്‍ ജോലിയാണെങ്കിലും ഷിഫ്റ്റ് സമ്പ്രദായം, കുറഞ്ഞ വേതനം എന്നിവ എടിസി രംഗത്തേയ്ക്ക് തൊഴിലന്വേഷകരെ ആകര്‍ഷിക്കുന്നില്ല. ഒരു എടിസി ഉദ്യോഗസ്ഥന് ഒരേസമയം 15 മുതല്‍ 20 വിമാനങ്ങള്‍ വരെ കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്. എന്നാല്‍ പൈലറ്റിന് വിമാനത്തിന്റെ ഉത്തരവാദിത്വം മാത്രമാണുള്ളത്. പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്ന എടിസിക്ക് പ്രതിമാസം 60,000 രൂപയാണ് ശമ്പളം. എന്നാല്‍ ഒരു പൈലറ്റ് കരിയര്‍ ആരംഭിക്കുമ്പോള്‍ തന്നെ പ്രതിമാസം രണ്ടര ലക്ഷം രൂപ വരെയാണ് ശമ്പളമായി വാങ്ങുന്നത്. 

എടിസി പരിശീലന കേന്ദ്രങ്ങളുടെ അഭാവവും മറ്റൊരു പ്രതിസന്ധിയാണ്. നിലവില്‍ രാജ്യത്തുടനീളം മൂന്ന് എടിസി പരിശീലന കേന്ദ്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ടേക്ക് ഓഫ്, ലാന്‍ഡിങ്, യാത്രപഥം തുടങ്ങിയ വിമാന സര്‍വീസിന്റെ നിര്‍ണായക ഘടകങ്ങള്‍ നിയന്ത്രിക്കുന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വകുപ്പിലെ ജീവനക്കാരുടെ ക്ഷാമം കടുത്ത സുരക്ഷ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

Exit mobile version