Site iconSite icon Janayugom Online

മക്കള്‍ നോക്കിയില്ല; വൃദ്ധസദനത്തിലുള്ള 80കാരന്‍ സ്വത്ത് ഗവര്‍ണര്‍ക്ക് പതിച്ചുനല്‍കി

മകനും മരുമകളും തന്നെ വേണ്ട വിധം പരിചരിക്കുന്നില്ല എന്നാരോപിച്ച്‌ എണ്‍പതുകാരന്‍ തന്റെ 1.5 കോടിയുടെ സ്വത്തുക്കള്‍ ഉത്തര്‍പ്രദേശ് ഗവര്‍ണറുടെ പേരില്‍ എഴുതി നല്‍കി. മുസാഫര്‍ നഗര്‍ സ്വദേശി നാദുനാഥാണ് തന്റെ സ്വത്ത് ഗവര്‍ണര്‍ ആനന്ദി ബെന്നിന്റെ പേരില്‍ എഴുതിവച്ചത്. നിലവില്‍ വൃദ്ധസദനത്തിലാണ് നാദുനാഥ് താമസിക്കുന്നത്.

ഒരു മകനും രണ്ട് പെണ്‍മക്കളും ഇദ്ദേഹത്തിനുണ്ട്. തന്റെ സ്വത്തിന് മക്കളെ അവകാശികളാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് മരണശേഷം തന്റെ പേരിലുള്ള ഭൂമിയില്‍ സര്‍ക്കാര്‍ സ്‌കൂളോ ആശുപത്രിയോ നിര്‍മ്മിക്കണമെന്നും അഭ്യര്‍ത്ഥിച്ചാണ് യുപി ഗവര്‍ണര്‍ക്ക് സ്വത്ത് കൈമാറാന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ‘ഈ പ്രായത്തില്‍, എനിക്ക് എന്റെ മകനോടും മരുമകളോടും ഒപ്പം
ജീവിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അവര്‍ എന്നോട് നന്നായി പെരുമാറിയില്ല. അതുകൊണ്ടാണ് സ്വത്ത് ഗവര്‍ണര്‍ക്ക് കൈമാറാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ അത് ശരിയായി ഉപയോഗിക്കും എന്ന് ഉറപ്പുണ്ട്’, അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

നാദുനാഥ് തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സ്വത്ത് വിട്ടുനല്‍കാന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും വൃദ്ധസദനത്തിന്റെ ചുമതലയുള്ള രേഖ സിങ് അറിയിച്ചു. തന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ പോലും കുടുംബത്തെ അനുവദിക്കാന്‍ പാടില്ലെന്ന നിബന്ധനയും ഇദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന രജിസ്റ്റര്‍ ചെയ്തുവെന്ന് ബുധാന തഹസില്‍ സബ് രജിസ്ട്രാര്‍ പങ്കജ് ജെയിന്‍ പറഞ്ഞു.

 

Eng­lish Sam­mury: chil­dren not care were, father hand­ed over his prop­er­ty to the Governor

 

Exit mobile version