ഇസ്കോൺ നേതാവ് ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് അഗർത്തലയിലെ ബംഗ്ലാദേശ് മിഷന്‍ ഓഫിസിനുനേര്‍ക്ക് ആക്രമണം. സംഭവത്തിന് പിന്നാലെ ഓഫിസ് അടച്ചു. വിസ അടക്കമുള്ള സേവനങ്ങള്‍ നിര്‍ത്തി. ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ബംഗ്ലാദേശ് പ്രതിഷേധം അറിയിച്ചു.
അഗര്‍ത്തലയിലെ അസിസ്റ്റന്റ് ഹൈക്കമ്മിഷന്‍ ഓഫിസിലേക്ക് ഹിന്ദു സംഘര്‍ഷ് സമിതി സംഘടിപ്പിച്ച പ്രതിഷേധത്തിനിടയാണ് ആക്രമണമുണ്ടായത്. 50ലധികം പ്രകടനക്കാര്‍ ഓഫിസ് പരിസരത്ത് പ്രവേശിച്ചിരുന്നു. മുദ്രാവാക്യം വിളികള്‍ക്ക് ശേഷം ആറംഗ പ്രതിനിധി സംഘം നിവേദനം സമര്‍പ്പിക്കാന്‍ ഓഫിസിലേക്ക് കയറി. ഈ സമയത്ത് പുറത്തുള്ള പ്രതിഷേധക്കാര്‍ ബംഗ്ലാദേശ് ദേശീയ പതാക വലിച്ചുകീറുകയും ബോര്‍ഡുകള്‍ക്ക് തീയിടുകയും ചെയ്തു. സംഭവത്തില്‍ പത്തുപേരെ അറസ്റ്റ് ചെയ്തു.
നയതന്ത്ര ദൗത്യങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും നയതന്ത്ര ദൗത്യങ്ങളെ സംരക്ഷിക്കേണ്ടത് ആതിഥേയ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പ്രണയ് വര്‍മ്മയെ വിളിച്ചുവരുത്തി ബംഗ്ലാദേശ് പ്രതിഷേധം അറിയിച്ചത്.
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവന പുറത്തിറക്കി. ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷനും രാജ്യത്തുടനീളമുള്ള മറ്റ് കോണ്‍സുലാര്‍ ഓഫിസുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു.