Site iconSite icon Janayugom Online

സ്ത്രീത്വത്തിന് എതിരായ കടന്നാക്രമണം കേരളത്തെ പിന്നോട്ട് നടത്തിക്കാൻ: ബിനോയ് വിശ്വം

സാമൂഹ്യ‑സാംസ്കാരിക‑രാഷ്ട്രീയ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ മാനാഭിമാനങ്ങളെ അവഹേളിക്കുന്ന രാഷ്ട്രീയ പ്രവർത്തന ശൈലി കേരളത്തിൽ വ്യാപകമാകുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സ്ത്രീയുടെ അന്തസിനെക്കുറിച്ചും സ്ത്രീപുരുഷ സമത്വത്തെ കുറിച്ചും കാലങ്ങളിലൂടെ കേരളം വളർത്തിയെടുത്ത പ്രബുദ്ധമായ സമീപനങ്ങളെ ചോദ്യം ചെയ്യുന്ന ശൈലിയാണിത്. ആണിനോടൊപ്പം എല്ലാ രംഗത്തും നിവർന്നു നിൽക്കാൻ അവകാശം പിടിച്ചുപറ്റിയ കേരളീയ സ്ത്രീത്വം ഇത്തരം ആക്രമണങ്ങൾക്ക് മുമ്പിൽ മുട്ടുകുത്തുമെന്നാണ് ആ ശൈലിയുടെ വക്താക്കൾ പ്രതീക്ഷിക്കുന്നത്.

അവരെ നയിക്കുന്നത് ഫ്യൂഡലിസം ബാക്കിവച്ചു പോയ ആണധികാര പ്രമത്തതയുടെ കാലഹരണപ്പെട്ട താല്പര്യങ്ങളാണ്. പുതിയ കാലവും ശാസ്ത്രസാങ്കേതിക വിദ്യാ വികാസവും വഴിതെളിച്ച നവമാധ്യമ സാധ്യതകളെയാണ് ഇക്കൂട്ടർ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. എല്ലാ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുമിച്ചു നിന്ന് പൊതുബോധത്തെ തിരിച്ചു നടത്തിക്കാനുള്ള ഈ നീക്കത്തെ ചേർത്തു തോൽപ്പിച്ചില്ലെങ്കിൽ കേരളം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്ന നവോത്ഥാന മൂല്യങ്ങൾക്ക് എല്ലാം മുറിവേൽക്കുമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ആശങ്കപ്പെടുന്നു. ഈ ദുരവസ്ഥയെ നേരിട്ടുകൊണ്ട് ആരോഗ്യകരമായ ആൺ പെൺ ബന്ധങ്ങളുടെ അന്തസാർന്ന ജനാധിപത്യ സംസ്കാരം ഊട്ടി വളർത്താൻ യോജിക്കാവുന്ന എല്ലാവരുമായി കൈകോർത്തു പിടിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി സന്നദ്ധമായിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Exit mobile version