സംസ്ഥാനത്ത് പദയാത്ര നടത്തുന്ന മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നേരെ ആക്രമണം, സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു.
അശോക് ഝാ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ‍്തു. തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറിലൂടെ പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നുവരുന്നതിനിടെയായിരുന്നു സംഭവം. അശോകിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റി. ആംആദ്മി പ്രവര്‍ത്തകര്‍ ഇയാളെ മര്‍ദിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം.
ഡല്‍ഹിയില്‍ ക്രമസമാധാനം താറുമാറിലാണെന്നും കേന്ദ്രസര്‍ക്കാരോ ആഭ്യന്തരമന്ത്രിയോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആംആദ്മി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. മുന്‍ മുഖ്യമന്ത്രിക്ക് പോലും സുരക്ഷയില്ലെങ്കില്‍ സാധാരണ മനുഷ്യരുടെ അവസ്ഥ എന്താണെന്നും ആംആദ്മി പാര്‍ട്ടി എക്സില്‍ ചോദിച്ചു.