Site iconSite icon Janayugom Online

പാലക്കാട് കരോൾ സംഘത്തിന് നേരെ ആക്രമണം: ബിജെപി പ്രവർത്തകൻ അറസ്റ്റില്‍

കരോൾ സംഘത്തിന് നേരെ ആക്രമണം നടത്തിയ ബി ജെ പി പ്രവര്‍ത്തകൻ അറസ്റ്റില്‍. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻരാജിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് പുതുശ്ശേരിയിലാണ് കരോൾ സംഘത്തിന് നേരെ ആക്രമണം നടത്തിയത്. പിന്നാലെ ബി ജെ പി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്നലെ രാത്രിയാണ് പുതുശ്ശേരിയിൽ വെച്ച് പ്രതിയായ അശ്വിൻ രാജ് കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ആക്രമിച്ചത്. കരോളിന് ഉപയോഗിച്ചിരുന്ന ബാൻ്റിൽ സിപിഐ എം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. അതേസമയം, ചില സ്വകാര്യ മാനേജ്‍മെന്റുകൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ മന്ത്രി ശിവൻകുട്ടി ക‍ഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേരളം പോലെ ഉയർന്ന ജനാധിപത്യ ബോധവും മതനിരപേക്ഷ സംസ്‌കാരവുമുള്ള ഒരു സംസ്ഥാനത്തു കേട്ടുകേൾവിയില്ലാത്ത നടപടിയാണിതെന്നും വിദ്യാലയങ്ങളിൽ വേർതിരിവിന്റെ വിഷവിത്തുകൾ പാകാൻ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

Exit mobile version