കബഡി കളിക്കിടെയുണ്ടായ തർക്കത്തിൽ, പ്ലസ്‌വൺ വിദ്യാർഥിയെ ബസിൽനിന്നു തള്ളിയിട്ട ശേഷം വെട്ടിപ്പരുക്കേൽപ്പിച്ച 3 വിദ്യാർഥികൾ പിടിയിൽ. തൂത്തുക്കുടിയിലാണ് സംഭവം. കെട്ടിയമ്മൽ പുരത്തിനു സമീപമാണു സംഭവം. ബസിൽ യാത്ര ചെയ്യുകയായിരുന്ന ദേവേന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് വെട്ടേറ്റത്.
ബൈക്കിൽ ബസിനെ പിന്തുടർന്നെത്തിയ സംഘം, ബസ് തടഞ്ഞു നിർത്തി വിദ്യാർഥിയെ മർദിക്കുകയായിരുന്നു. തുടർന്നു പുറത്തേക്കു തള്ളിയിട്ട ശേഷം തലയിൽ അടക്കം വെട്ടി. മറ്റു യാത്രക്കാർ ബഹളം വച്ചതോടെ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. പൊലീസെത്തിയാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.ആക്രമണത്തില്‍ കുട്ടിയുടെ കൈവിരലറ്റു. തലയിലും മുതുകിലും കൈകളിലും അടക്കം 16 വെട്ടുകളുണ്ടായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ 17 വയസ്സുകാരായ 3 പേരെ പിടികൂടി. കബഡി കളിക്കിടെയുണ്ടായ തർക്കത്തിന്റെ വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്നു പിടിയിലായവർ മൊഴി നൽകി. ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലാണ്.

