Site iconSite icon Janayugom Online

മുഖ്യമന്ത്രിയുടെ വാട്‌സ്ആപ്പ് പ്രൊഫൈലുണ്ടാക്കി തട്ടിപ്പിന് ശ്രമം

മുഖ്യമന്ത്രിയുടെ വ്യാജ വാട്ട്സ്ആപ്പ്‌ പ്രൊഫൈലുണ്ടാക്കി സാമ്പത്തിക തട്ടിപ്പിന്‌ ശ്രമം. തമിഴ്‌നാട്‌ സ്വദേശിയുടെ വാട്ട്സ്ആപ്പ്‌ ഹാക്ക്‌ ചെയ്‌താണ്‌ തട്ടിപ്പിന്‌ ശ്രമം നടത്തിയത്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ പൊലീസ്‌ മേധാവിക്ക്‌ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ്‌ കേസെടുത്തു.

‘ശ്രീ പിണറായി വിജയൻ’ എന്ന പേരിലാണ്‌ വാട്ട്‌സാപ്പ്‌ അക്കൗണ്ട് ഉണ്ടാക്കിയത്‌. മുഖ്യമന്ത്രിയുടെ ചിത്രവും പ്രൊഫൈലിൽ ചേർത്തിട്ടുണ്ട്. നിരവധിയാളുകൾക്ക്‌ പണം ആവശ്യപ്പെട്ട്‌ ഇതിലൂടെ സന്ദേശമയച്ചു. സന്ദേശമെത്തിയ ചിലർക്ക്‌ സംശയം തോന്നിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിവരമറിയിച്ചു.

തുടർന്ന്‌ പരിശോധിച്ചപ്പോൾ ത്രിപുരയിലെ ഒരാളുടെ പേരും ചിത്രവുമായിരുന്നു ഉപയോഗിച്ചത്‌. പിന്നീട്‌ നടത്തിയ പരിശോധനയിൽ കോയമ്പത്തൂർ സ്വദേശിയായ അറുപതുകാരന്റെ നമ്പറാണ്‌ തട്ടിപ്പിനുപയോഗിച്ചതെന്ന്‌ മനസിലായി. ചോദ്യം ചെയ്യലിൽ ഇയാളല്ല പ്രതിയെന്ന്‌ വ്യക്തമായി. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ്‌ ഇതിന്‌ പിന്നിലെന്നാണ്‌ പ്രാഥമിക നിഗമനം.

Eng­lish Summary:Attempt to cheat by cre­at­ing CM’s What­sApp profile
You may also like this video

Exit mobile version