Site iconSite icon Janayugom Online

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് പണം തട്ടാൻ ശ്രമം; കാസർകോഡ് രണ്ട് പേർ അറസ്റ്റിൽ

കാസർകോഡ് ചട്ടഞ്ചാലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവിനെയും കൂട്ടുനിന്ന യുവാവിന്റെ സുഹൃത്തിനെയും മേല്‍പ്പറമ്പ് പൊലിസ് അറസ്റ്റുചെയ്തു. കോളിയടുക്കം സ്വദേശിയായ കെ എം മുഹമ്മദ് അഫ്രീദ്(23), അണങ്കൂര്‍ സുല്‍ത്താന്‍ നഗറില്‍ ബി എം അബ്ദുള്‍ഖാദര്‍(28) എന്നിവരാണ് പൊലിസിന്റെ പിടിയിലായത്.

2019 മുതല്‍ പ്രതിയായ മുഹമ്മദ് അഫ്രീദിന് പെണ്‍കുട്ടിയുമായി പരിചയമുണ്ട്. സമൂഹമാധ്യമം വഴിയാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. തുടർന്ന് പെണ്‍കുട്ടിയെ പ്രണയിക്കുന്നു എന്ന വ്യാജേന പലയിടങ്ങളില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കകയായിരുന്നു. പിന്നീട് കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പണം ആവശ്യപ്പെടുകയുമായിരുന്നു. ഇത്തരത്തിൽ 22 ഗ്രാം സ്വര്‍ണം മുന്നേ കൈക്കലാക്കിയിരുന്നു.

ഇതിന് ശേഷവും കുട്ടിയെ വിളിച്ച് നിരന്തരം പ്രതി പണം ആവശ്യപ്പെട്ടിരുന്നു.മൂന്ന് ദിവസം മുമ്പ് സുഹൃത്തായ അബ്ദുള്‍ഖാദര്‍ വഴിയാണ് അവസാനമായി മുഹമ്മദ് അഫ്രീദ് വിളിച്ചത്. പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് ഭീഷണിപ്പെടുത്തി ആറരലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ പിതാവ് വിവരം പൊലിസിനെ അറിയിച്ചു. തുടര്‍ന്ന് പണം നല്‍കാന്‍ എന്ന വ്യാജേന പൊലിസ് ഒരുക്കിയ കെണിയില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു.പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് ഉള്‍പ്പടെ ചുമത്തി പൊലിസ് കേസ് എടുത്തിട്ടുണ്ട്.

Exit mobile version