കെ എസ് ആർ ടി സി ബസിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഡിപ്പോയിലെ കണ്ടക്ടറായ കുന്നിക്കോട് ചക്കുവരയ്ക്കൽ ജ്യോതിസ് ഭവനിൽ അജയഘോഷാണ്(53) അറസ്റ്റിലായത്.
കഴിഞ്ഞ 25നായിരുന്നു കേസിന് ആസ്പദമായ സംഭവം. വൈകീട്ട് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനായി പുനലൂർ ചക്കുവരക്കൽ റൂട്ടിലോടുന്ന കെ എസ് ആർ ടി സി ബസിൽ കയറിയ പെണ്‍കുട്ടിയോട് കോട്ടവട്ടം കഴിഞ്ഞപ്പോൾ ബസിൽവെച്ച് കണ്ടക്ടർ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് അധ്യാപിക കുന്നിക്കോട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

