Site iconSite icon Janayugom Online

വള്ളികുന്നം കാഞ്ഞിരത്തുംമൂട് എസ്ബിഐ എടിഎമ്മില്‍ മോഷണശ്രമം

വള്ളികുന്നം കാഞ്ഞിരത്തുംമൂട് ജംഗ്ഷനിലുള്ള എസ്ബിഐ ശാഖയോട് ചേർന്നുള്ള എടിഎമ്മിൽ കവർച്ചാ ശ്രമം. പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്കൂട്ടറിലാണ് മോഷ്ടാവ് എത്തിയത്. എടിഎമ്മിന് അകത്ത് കയറിയ മോഷ്ടാവ് ഇടയ്ക്ക് പുറത്തേക്ക് നോക്കുന്നതും കമ്പി പോലെയുള്ള സാധനം ഉപയോഗിച്ച് എടിഎം മെഷീന്റെ പുറമെയുള്ള ലോഹഭാഗം ഇളക്കുന്നതുമായ ദൃശ്യം സിസിടിവിയിൽ നിന്നും പോലീസിന് ലഭച്ചു. 

എടിഎം പൊളിക്കുന്ന സമയം അലാറം മുഴങ്ങിയയോടെ മോഷ്ടാവ് കടന്നു കളഞ്ഞതായി പോലീസ് പറഞ്ഞു. മോഷണശ്രമം നടക്കുമ്പോൾ തന്നെ എസ്ബിഐയുടെ കൺട്രോൾ റൂമിൽ സിഗ്നൽ ലഭിച്ചതോടെ വിവരം പോലീസിലും അറിയിക്കുകയായിരുന്നു. വള്ളികുന്നം പോലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. മെഷീനുള്ളിൽ നിന്നും പണമെടുക്കാൻ മോഷ്ടാവിന് കഴിഞ്ഞിരുന്നില്ല. വള്ളികുന്നം സ്റ്റേഷൻ ചാർജ്ജുള്ള കുറത്തികാട് സി ഐ മോഹിത്തിന്റെ നേതൃത്വത്തിൽ രാവിലെ തന്നെ മോഷ്ടാവിനായി തെരച്ചിൽ ആരംഭിച്ചു. സമീപങ്ങളിലെ വീടുകളിലെയടക്കം സിസിടിവികൾ പോലീസ് പരിശോധിച്ചുവെങ്കിലും മോഷ്ടാവിനെ സംബന്ധിച്ച സൂചനകൾ ഒന്നും ലഭിച്ചില്ല. ഉയർന്ന പോലീസ് ഉദ്യാഗസഥരും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.

Exit mobile version