Site iconSite icon Janayugom Online

അനധികൃതമായി ഇസ്രായിലേക്ക് കടക്കാൻ ശ്രമം; തിരുവനന്തപുരം സ്വദേശി വെടിയേറ്റു മരിച്ചു

വിസയില്ലാതെ അനധികൃതമായി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു.തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്. സന്ദര്‍ശക വിസയില്‍ ജോര്‍ദാനിലെത്തിയ ശേഷമാണ് ഇയാൾ ഇസ്രായലിലേക്ക് കടക്കുവാൻ ശ്രമിച്ചത്. തലക്കാണ് വെടിയേറ്റത്. തോമസിനൊപ്പം ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിച്ച മേനംകുളം സ്വദേശി എഡിസണ്‍ നാട്ടിലെത്തി. ഇദ്ദേഹത്തിന് കാലിന് പരുക്കുണ്ട്. 

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ട് മലയാളികള്‍ ഇസ്രയേലില്‍ ജയിലില്‍ ആണെന്നാണ് വിവരം. സംഘം ഇസ്രയേലിലേക്ക് കടക്കുന്നത് തടയാന്‍ ജോര്‍ദാന്‍ സൈന്യം ശ്രമിക്കവേ ഇവര്‍ പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിക്കുകയും തുടര്‍ന്ന് സൈന്യം വെടിവെയ്പ്പ് നടത്തുകയുമായിരുന്നു. കാലില്‍ വെടിയേറ്റ എഡിസണെ ചികിത്സയ്ക്കുശേഷം ജോര്‍ദാന്‍ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഗബ്രിയേലിന്റെ മരണം സംബന്ധിച്ച് കുടുംബത്തിന് എംബസിയില്‍നിന്നുള്ള ഇമെയില്‍ സന്ദേശം അയച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. തുടര്‍ന്ന് പരുക്കേറ്റ എഡിസണ്‍ നാട്ടിലെത്തിയതോടെയാണ് ഗബ്രിയേലിന്റെ മരണവിവരം പുറത്തറിഞ്ഞത്.

Exit mobile version