അച്ചൻകോവിലാറ്റിൽ വിഷംകലക്കി മീൻപിടിക്കുന്ന സംഘം സജീവം. ആറ്റില്‍ വിഷം കലര്‍ത്തുന്നതോടെ മത്സ്യസമ്പത്ത് നഷ്ടമാകുന്നതിനൊപ്പം ആറിനെ ആശ്രയിച്ചു കഴിയുന്ന മറ്റ് ജീവജാലങ്ങളും ചത്തുപൊങ്ങകയും കുടിവെള്ളം മലിനമാവുകയും ചെയ്യുന്നു. പന്തളം കുടിവെള്ളപദ്ധതിയുടെ കിണറിനുതാഴെയുള്ള തടയണയിലാണ് മത്സ്യം അടിഞ്ഞുകൂടിയത്. ഫിഷറീസ് വകുപ്പും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ചീഞ്ഞളിഞ്ഞ മീനിന്റെ ദുർഗന്ധം പ്രദേശമാകെ വ്യാപിച്ചിരിക്കുന്നതുമൂലം സമീപവാസികളും ബുദ്ധിമുട്ടിലാണ്.
അച്ചൻകോവിലാറിന്റെ ഭാഗമായ പന്തളം, അമ്പലക്കടവ്, വള്ളിക്കോട് ഉൾപ്പെടെ മിക്കയിടങ്ങളിലും ഇത്തരം മീൻപിടിത്തം വ്യാപകമാണ്. രാത്രിയിലാണ് ആറ്റിൽ വിഷപദാർഥങ്ങൾ കലക്കുന്നത്.
അതിരാവിലെയെത്തി, മയങ്ങിയും ചത്തും കിടക്കുന്ന മത്സ്യങ്ങൾ ഇവർ കൊണ്ടുപോകും. വലിയ മത്സ്യങ്ങൾ കൂടാതെ, കുഞ്ഞുങ്ങളും ആമയും ചത്തുപൊങ്ങുന്നവയിൽപ്പെടും. വലയിട്ട് കിട്ടുന്ന മത്സ്യം ഇവർ കൊണ്ടുപോകും. ബാക്കിയുള്ളവ ചത്തൊഴുകി ആറ്റിൽത്തന്നെ കിടക്കുകയാണ് പതിവ്.
ഇത് വാങ്ങിക്കഴിക്കുന്നവർക്കുമാത്രമല്ല ആരോഗ്യഭീഷണി. വേനൽക്കാലത്ത് ജലക്ഷാമംകാരണം കുളിക്കാനും വസ്ത്രങ്ങളലക്കാനും കന്നുകാലികളെ കുളിപ്പിക്കാനും ഈ വെള്ളം ഉപയോഗിക്കുന്നവർ ധാരാളമാണ്. വിഷം കലർന്ന വെള്ളമായതിനാൽ ഇത് ത്വക്ക് രോഗമുൾപ്പെടെ പല രോഗങ്ങൾക്കും കാരണമാകും.
അന്യസംസ്ഥാനങ്ങളിൽനിന്നെത്തുന്നവർ മാത്രമല്ല, ചില നാട്ടുകാരും വിഷംകലർത്തി മീൻപിടിക്കുന്നതായി തീരവാസികൾ പറയുന്നു.
ഫിഷറീസ് വകുപ്പ് വർഷംതോറും അച്ചൻകോവിലാറ്റിൽ കരിമീൻകുഞ്ഞുങ്ങളെ ഉൾപ്പെടെയുള്ള മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ട്. ഈ മത്സ്യങ്ങളെല്ലാം ചത്തൊടുങ്ങുന്നത് വിഷംകലർത്തൽ കാരണമാണ്.
വെള്ളിയാഴ്ച വിഷംകലർത്തിയ വിവരമറിഞ്ഞെത്തിയ പത്തനംതിട്ട ഫിഷറീസ് ഓഫീസർ സുരേഷ്‌കുമാറും ഉദ്യോഗസ്ഥരും എസ്.ഐ. ബി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസുമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
English Summary: Attention fish buyers: Poisoned fishing group is active